ഈ സാമ്പത്തിക വർഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോഡ് വളർച്ചയിലെന്ന് റിപ്പോർട്ട്. മൊത്തം വാർഷിക വിറ്റുവരവ് 5119.18 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവിൽ 15.82 ശതമാനം വർധന ഉണ്ടായി. സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി രൂപയായി വർധിച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 18ൽനിന്ന് 24 ആയി.
മുൻ സാമ്പത്തിക വർഷത്തെ 76.16 കോടി നഷ്ടം മറികടന്നാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. വ്യവസായ വകുപ്പിനുകീഴിലെ 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയ ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവുമധികം പ്രവർത്തനലാഭമുണ്ടാക്കിയത് കെഎംഎംഎൽ ആണ്. 107. 67 കോടിയാണ് ലാഭം. കെൽട്രോണിൻ്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. പ്രവർത്തന ലാഭം 50.54 കോടി രൂപയാണ്. കെൽട്രോൺ ,ടിസിസി, കെൽ, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്‌പിന്നിങ് മിൽ, കയർ മെഷിനറി സ്ഥാപനങ്ങൾ ലാഭത്തിലായെന്ന് കണക്കുകൾ പറയുന്നു. 32 കമ്പനികളുടെ വാർഷിക വിറ്റുവരവിൽ വർധനയുണ്ട്. വെള്ളൂർ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയിൽനിന്ന് 2.26 കോടിയായി കുറഞ്ഞതും എടുത്തു പറയേണ്ടതാണ്.
സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെഎസ്ഐഡിസിയും മികച്ച ലാഭം നേടിയതായി പറയുന്നു. കിൻഫ്ര 88.41 കോടിയുടെ വരുമാനവും 7.19 കോടിയുടെ ലാഭവുമുണ്ടാക്കി. വായ്പ, ഇക്വിറ്റി ഇനങ്ങളിലായി കെഎസ്ഐഡിസി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭമാണ് നേടിയത്.
ടെൽക്ക്, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ്, കെഎസ്ഐഇ, കെൽട്രോൺ കംപോണന്റ്‌സ്, സ്റ്റീൽ ആൻഡ് ഇന്റസ്ട്രിയൽ ഫോർജിങ്‌സ്, കയർ കോർപ്പറേഷൻ, ടിസിസി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ്, സ്റ്റീൽ ഇൻഡസ്ട്രീസ്, ക്ലേയ്സ് ആൻഡ് സിറാമിക്സ്, കെഎസ്ഡിപി, ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ, എഫ്ഐടി, കാഷ്യൂ ബോർഡ്, ഫോം മാറ്റിങ്‌സ്, മെറ്റൽ ഇൻഡസ്ട്രീസ്, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽസ്, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി എന്നിവയാണ് ലാഭമുണ്ടാക്കിയ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ.