വെറുതെ ഇരികുമ്പോഴെങ്കിലും വ്യത്യസ്‌തമായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്യുകയോ, സ്വയം ആലോചിക്കുകയോ ചെയ്യുന്നവരാണ് നമ്മൾ. പലപ്പോഴും ബജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളാവും നമ്മളെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകം, മറ്റ് ചിലപ്പോൾ പരിമിതമായ സാങ്കേതിക ജ്ഞാനവും തടസ്സമായേക്കാം.
എന്നാൽ താൻ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് അതിനോട് ചേർന്ന് നിൽക്കുന്ന ഒരു സംരംഭമോ സ്‌റ്റാർട്ടപ്പോ ചെയ്‌ത് വിജയിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരാളാണ് അസം സ്വദേശി ഷൗവിക് ധർ എന്ന എൻഐടി എഞ്ചിനീയർ. പ്രഭാതി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സോമോസിന്റെയും സ്ഥാപകനായ ഷൗവികിന്റെ സ്‌റ്റാർട്ടപ്പ് യാത്ര ആരെയും അമ്പരപ്പിക്കുന്ന ഒന്നാണെന്ന് പറയാതെ വയ്യ.
അസമിലെ സിൽച്ചാറിൽ ജനിച്ച് വളർന്ന ഷൗവിക് ചെറുപ്പം മുതലേ മോമോസിനോട് ഇഷ്‌ടം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. എൻഐടി സിൽച്ചാറിൽ പഠനം തുടരുമ്പോൾ, സംരംഭകത്വത്തിലേക്ക് കടക്കാനുള്ള പ്രത്യേകിച്ച് പദ്ധതികളൊന്നും ഷൗവികിന്റെ മനസിൽ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. പഠനം പൂർത്തിയാക്കിയ ഷൗവിക് ഡിആർഡിഒയിൽ ജോലിക്ക് കയറുകയും ചെയ്‌തു.
ഡിആർഡിഒയിലെ പ്രവർത്തന കാലത്ത് തന്നെ, ഷൗവിക് എംബിഎ പഠിക്കാൻ തീരുമാനിച്ചു. എംബിഎ പൂർത്തിയാക്കിയ ശേഷം, സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നതാണ് തന്റെ യഥാർത്ഥ വഴിയെന്ന് എന്ന് ഷൗവിക് തിരിച്ചറിയുകയായിരുന്നു. സോമോസിന് മുമ്പ്, ഒരു നൈപുണ്യ പരിശീലന കമ്പനി മുതൽ ഒരു സാങ്കേതിക സ്ഥാപനം വരെയുള്ള നിരവധി സംരംഭങ്ങൾ അദ്ദേഹം തുടങ്ങിയിടുകയുണ്ടായി.
അങ്ങനെയാണ് തന്റെ ഇഷ്‌ട ഭക്ഷണത്തെ കേന്ദ്രീകരിച്ച് ബിസിനസ് ആരംഭിക്കാൻ ഷൗവിക് തീരുമാനിക്കുന്നത്. നോർത്ത് ഈസ്‌റ്റിൽ അങ്ങേയറ്റം ജനകീയമായ ഒരു ഭക്ഷണമാണ് മോമോസ്, അവിടുത്തുകാർക്ക് പ്രിയപ്പെട്ട ഭക്ഷണം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഹൈദരാബാദിൽ ആയിരുന്ന സമയത്താണ് അവിടെ മോമോസിനെ കുറിച്ചുള്ള കാര്യമായ അറിവ് അവർക്കില്ലെന്ന് ഈ യുവാവ് മനസിലാക്കുന്നത്.
പിന്നീട് 2016ൽ ഹൈദരാബാദിലെ ഇനോർബിറ്റ് മാളിൽ സോമോസ് അതിന്റെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നു. ഇതിന് പിന്നാലെ സോമോസിന് ജനപ്രീതി വർധിക്കുകയും, കൂടുതൽ ഔട്ട്‌ലെറ്റുകളിലേക്ക് വളരാൻ തുടങ്ങുകയും ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ തിയേറ്ററുകളിലേക്ക് ലഭിച്ച വലിയ ഓഫർ ഷൗവികിനെ മോമോസ് ഉണ്ടാക്കുന്ന യന്ത്രത്തിന്റെ നിർമ്മാണത്തിലേക്ക് നായിക്കുകയായിരുന്നു.
നിലവിൽ, സോമോസ് പ്രതിദിനം ഒരു ലക്ഷത്തിലധികം മോമോസുകൾ നിർമ്മിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, ഇതിൽ നിന്നും കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ വരുമാനമാണ് നേടുന്നത്.