ഒരു ഐഐടിക്കാരൻ നമ്മുടെയൊക്കെ കാഴ്‌ചപ്പാടിൽ എന്ത് ജോലി ചെയ്‌താവും ജീവിക്കേണ്ടത്, സാധാരണ ഗതിയിൽ ഒരു വമ്പൻ ഐടി കമ്പനിയിലോ, വൻകിട ധനകാര്യ സ്ഥാപനത്തിലോ ആയിരിക്കും ഇയാൾ ജോലി നോക്കേണ്ടത്. എന്നാൽ ബിസിനസ് സ്വപ്‌നമായി കൊണ്ട് നടക്കുന്നവർക്ക്, സംരംഭകത്വം ജീവിത ലക്ഷ്യമായി കണ്ടവർക്ക് അങ്ങെനയായിരിക്കില്ല എന്നുറപ്പാണ്.
എന്നാൽ തന്റെ കഠിന പ്രയത്നത്തിലൂടെ മില്ലറ്റ് സ്‌റ്റാർട്ടപ്പ് ആരംഭിച്ച ഐഐടിക്കാരനായ യുവാവ് ഇന്ന് ഈ മേഖലയിൽ വലിയ പ്രചോദനമായി മാറുകയാണ്. ശരിയാണ്, മില്ലറ്റുകൾ ഇപ്പോൾ ലോകമെമ്പാടും ഏറ്റവും പ്രധാന ഭക്ഷണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2023ൽ, അവയുടെ പ്രാധാന്യം വിളിച്ചോതുന്നതിനായി ഇന്ത്യൻ സർക്കാർ “മില്ലറ്റുകളുടെ വർഷം” എന്ന് ആചരിക്കുകയും ചെയ്‌തിരുന്നു.
എങ്കിലും, വിവിധതരം മില്ലറ്റുകൾ വാഗ്‌ദാനം ചെയ്യുന്ന സ്‌റ്റോറുകളുടെ അഭാവം കാരണം ഒരു വലിയ വെല്ലുവിളി ഉയർന്നുവന്നിരുന്നു. ഇവിടേക്കാണ് സായ് കൃഷ്‌ണ പോപുരി എന്ന ഹൈദരാബാദ് സ്വദേശിയുടെ കടന്നുവരവ്. “പല നിർമ്മാതാക്കളും വിശാലമായ മില്ലറ്റ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നില്ല. ഈ വിടവ് തിരിച്ചറിഞ്ഞ് ഞാൻ സ്വന്തമായി മില്ലറ്റ് സ്‌റ്റാർട്ടപ്പ് സ്ഥാപിച്ചു” ആരോഗ്യസൂത്രയുടെ സ്ഥാപകനായ സായ് കൃഷ്‌ണ പറയുന്നു.
മില്ലറ്റ് അധിഷ്‌ഠിത ബ്രാൻഡിന്റെ പിന്നിലെ കൈകളായ സായ്, തന്റെ സ്‌റ്റാർട്ടപ്പിലൂടെ വൈവിധ്യമാർന്ന മില്ലറ്റ് ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നു. ജോവർ ഫ്ലേക്‌സ് മുതൽ മില്ലറ്റ് മ്യൂസ്‌ലി, മില്ലറ്റ് ഇഡ്‌ലി റവ പ്രീ-മിക്‌സ് വരെ, ഈ സൂപ്പർഫുഡ് നിങ്ങളുടെ ദൈനംദിന ഭക്ഷണ ക്രമത്തെ ബുദ്ധിമുട്ടിക്കാതെ ഉൾപ്പെടുത്താൻ എല്ലാവരേയും സഹായിക്കുന്നു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ബ്രാൻഡ് ഇപ്പോൾ ശരാശരി 2.5 കോടി രൂപയുടെ വാർഷിക വരുമാനമാണ് നേടുന്നത്.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ് ജോലി ചെയ്യാനായിരുന്നു സായി തീരുമാനിച്ചത്. എന്നാൽ ഒരു സംരംഭകൻ ആവണമെന്ന തന്റെ താത്പര്യം പലപ്പോഴും സായ് മനസിൽ സൂക്ഷിച്ചിരുന്നു. ഒരുപാട് ആശയങ്ങൾ ചിന്തയിൽ വന്നെങ്കിലും ഒടുവിൽ സമൂഹത്തിന് കൂടി ഗുണകരമായ മില്ലറ്റ് എന്ന ഭക്ഷണ സാധനത്തിന്റെ സ്‌റ്റാർട്ടപ്പിലേക്ക് ചുവട് വയ്ക്കുകയായിരുന്നു സായ്.
അതിലേക്ക് എത്തിയതും പെട്ടെന്നായിരിന്നില്ല. സ്ഥിരം വഴികൾ വിട്ട് ഇതരമാർഗങ്ങൾ കണ്ടെത്താൻ ആഗ്രഹിച്ച അദ്ദേഹം കൂടുതൽ ഓപ്ഷനുകൾ തേടി പോയിരുന്നു. ഇതിനിടെ ആന്ധ്രാപ്രദേശിലെ ഒരു സർവകലാശാലയിൽ ഫുഡ് സയൻസ് വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന ഒരു ബന്ധുവുമായി സംസാരിച്ചപ്പോഴാണ് സായ് മില്ലറ്റിന്റെ സാധ്യതകൾ അറിഞ്ഞത്. അവിടെ നിന്ന് തുടങ്ങിയ യാത്ര ഇപ്പോൾ വർഷം 2.5 കോടി വരുമാനമുള്ള ഹെൽത്ത് സൂത്ര എന്ന ബ്രാൻഡിലേക്ക് നയിച്ചു.