എല്ലാ വീടുകളിലും വീട്ടമ്മാർ ഏറ്റവും കൂടുതൽ വെറുക്കുന്ന ജോലികളാണ് അലക്കും ഇസ്തിരിയിടലും. എന്നാൽ ഇവ രണ്ടും വളരെ വൃത്തിയായി ചെയ്തു നൽകി സന്ധ്യ നമ്പ്യാർ എന്ന യുവ സംരംഭക മാസം ഉണ്ടാക്കുന്നത് 8 മുതൽ 10 ലക്ഷം രൂപ വരെയാണ്. ‘ഇസ്തിരിപ്പെട്ടി’ എന്ന സ്റ്റാർട്ട് അപ് സംരംഭത്തിന്റെ വിജയകഥ ഇതാ..
തുടക്കം 2018ൽ
ഒരു വർഷം മുമ്പാണ് സന്ധ്യ തന്റെ സ്റ്റാർട്ട് അപ് സംരംഭത്തിന് തുടക്കം കുറയ്ക്കുന്നത്. മൂന്ന് വർഷം മുമ്പ് ചെന്നൈയിൽ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സന്ധ്യയ്ക്ക് ഇസ്തിരിപ്പെട്ടി എന്ന ബിസിനസ് ആശയം മനസ്സിൽ ഉരുത്തിരിഞ്ഞത്. സന്ധ്യയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ തനിക്ക് തന്നെ വളരെ അത്യാവശ്യമായി തോന്നിയ ഒരു കാര്യമാണ്, താൻ ബിസിനസിനായി തിരഞ്ഞെടുത്തത്.
അത്യാവശ്യത്തിൽ നിന്ന് ബിസിനസിലേയ്ക്ക്
വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ലഭിക്കുക എന്നത് അക്കാലത്ത് സന്ധ്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമുള്ള കാര്യമായിരുന്നു. പ്രത്യേകിച്ചും ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി നോക്കുമ്പോൾ വളരെ മാന്യമായും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കേണ്ടത് വളരെ ആവശ്യമാണ്. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അതിനായി സമയം കളയാനുമുണ്ടായിരുന്നില്ല. പ്രൊഫഷണലായി വളരെ മികച്ച രീതിയിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ആരെയും കണ്ടെത്താനും സന്ധ്യയ്ക്കായില്ല. ഇങ്ങനെയിരുന്നപ്പോഴാണ് എന്തുകൊണ്ട് തനിയ്ക്ക് തന്നെ ഇസ്തിരിയിടൽ ഒരു ബിസിനസാക്കി മാറ്റിക്കൂടാ എന്ന് തോന്നിയത്. എന്നെങ്കിലും സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് മനസ്സിൽ കണക്കുക്കൂട്ടിയിരുന്ന സന്ധ്യയ്ക്ക് ആ തിരിച്ചറിവ് കൂടുതൽ ആവേശം പകർന്നു.
കേരളത്തിലേയ്ക്ക് ഉടൻ
നിലവിൽ ചെന്നൈ കേന്ദ്രമായാണ് ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുന്നത്. ഇസ്തിരിയിടൽ യൂണിറ്റായി 2018 ജനുവരിയിൽ ചെന്നൈ നുങ്കമ്പാക്കത്താണ് ആദ്യ പ്ലാന്റ് ആരംഭിക്കുന്നത്. തുടർന്ന് ചെന്നൈയിലെ തന്നെ പള്ളിക്കാരനായി എന്ന സ്ഥലത്ത് അലക്ക് കൂടി ഉൾപ്പെടുത്തിയുള്ള യൂണിറ്റ് ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ കേരളത്തിലേയ്ക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോഴിക്കാട് കേന്ദ്രീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുക.
വഴിത്തിരിവ്
ഒയോ റൂംസ്, കോമ്പസ് തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ടൈം അപ്പാണ് ഇസ്‌ത്രിപെട്ടിയ്ക്ക് വഴിത്തിരിവായത്. വെറും 30000 രൂപ മാസ വരുമാനമുണ്ടായിരുന്ന കമ്പനിയെ മാസം 8 മുതൽ 10 ലക്ഷം വരുമാനം നേടുന്ന കമ്പനിയാക്കി വളർത്താൻ ഈ ബന്ധങ്ങൾ ഏറെ സഹായകമായെന്നും സന്ധ്യ പറയുന്നു. രണ്ട് പ്ലാന്റുകളിലായി 17 ജീവനക്കാരാണ് നിലവിൽ ഉള്ളത്. 400ഓളം ഉപഭോക്താക്കളാണ് ഇപ്പോൾ ഇസ്തിരിപ്പെട്ടിയ്ക്ക് സ്ഥിരമായുള്ളത്.
പ്രവർത്തനം എങ്ങനെ?
മാർക്കറ്റിംഗിലൂടെ കമ്പനിയെക്കുറിച്ച് അറിയുന്ന ഉപഭോക്താക്കൾ നേരിട്ട് വിളിച്ചാണ് ഇടപാട് ആരംഭിക്കുന്നത്. ഉപഭോക്താവ് പറയുന്ന സ്ഥലത്ത് പോയി വസ്ത്രങ്ങൾ ശേഖരിക്കും. ഫാക്ടറിയിലെത്തി ആദ്യം ഓരോ വസ്ത്രത്തിനും പ്രത്യേകമായി ബ്ലീഡ് ടെസ്റ്റ് നടത്തു. കളർ ഇളകുന്ന വസ്ത്രങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. അലക്കിയ വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുന്നതിന് പകരം പ്രത്യേക മെഷീൻ ഉപയോഗിച്ചാണ് തുണികൾ ഉണക്കുന്നത്. വസ്ത്രങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സന്ധ്യ പറയുന്നു. അതിനും ശേഷം ഓരോ വസ്ത്രങ്ങളും തേച്ച് മടക്കി പ്രത്യേകം പായ്ക്കറ്റുകളിലാക്കിയാണ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നത്. വസ്ത്രങ്ങളുടെ തൂക്കത്തിന് അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്. മൂന്ന് കിലോയ്ക്ക് 200 രൂപയാണ് ചാർജ്.
യുവ സംരംഭകരോട്
നിരവധി യുവ സംരംഭകർ ഇപ്പോൾ സ്റ്റാർട്ട് അപ് രംഗത്തേയ്ക്ക് കടന്നു വരുന്നുണ്ട്. ധാരാളം ബിസിനസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം, ബിസിനസ് പരാജയപ്പെട്ടു പോകുമോ ഇത്തരത്തിലുള്ള അനാവശ്യമായ ചിന്തകളാണ് പലരെയും പല ബിസിനസുകളിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സന്ധ്യ പറയുന്നു. എന്നാൽ മികച്ച ആശയവും അത് നടപ്പിലാക്കാനുള്ള പരിശ്രമവുമുണ്ടെങ്കിൽ വിജയിക്കുക തന്നെ ചെയ്യുമെന്നാണ് സന്ധ്യയുടെ പക്ഷം.