ഒരു പതിമൂന്ന് വയസുകാരൻ പയ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു പരിധി നിശ്ചയിച്ചാൽ അത് ഏതറ്റം വരെ പോവും. എന്തായാലും നമ്മുടെ കണക്കുകൂട്ടലിൽ അത് ഒരുപാട് ഒന്നും മുന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. അല്ലെങ്കിലും വയസ് കൊണ്ട് അതിർത്തി വരയ്ക്കാനും, സ്വപ്‌നങ്ങൾക്ക് തടയിടാനും ഒക്കെ നമ്മൾ മിടുക്കരാണ്. എന്നാൽ തിരുവല്ലക്കാരൻ ആദിത്യന്റെ കാര്യത്തിൽ അതൊന്നും നടക്കുന്ന കാര്യമല്ലായിരുന്നു.
പ്രായത്തെ വെറും അക്കമാക്കി കൊണ്ട് സംരംഭ ലോകത്തേക്ക് പിച്ചവെച്ച ആ പയ്യൻ ലോകത്തിന് മുൻപിൽ നമ്മുടെ അഭിമാനം വാനോളം ഉയർത്തിയിരുന്നു. തന്റെ സ്വപ്‌നങ്ങളെ ചേർത്തുപിടിച്ച പ്രായം പോലും മറന്നുകൊണ്ട് വലിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയ ആദിത്യൻ പുതു തലമുറയ്ക്ക് എന്നും ആവേശകരമായ ഒരു മാതൃകയാണ്.
വെറുതെ ഇരിക്കുന്ന സമയം കൊണ്ട് ആപ്പ് നിർമ്മിച്ച ആദിത്യൻ ഇത് ഒരു കമ്പനിയായി മാറിയപ്പോൾ അതിന്റെ സിഇഒ ആയി മറ്റൊരു റെക്കോർഡും സൃഷ്‌ടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളായിരുന്നു ആദിത്യൻ. ആദ്യമായി ആപ്ലിക്കേഷൻ ഉണ്ടാക്കുമ്പോൾ ആദിത്യന്റെ പ്രായം വെറും ഒൻപത് വയസ് മാത്രമായിരുന്നു.
ഇന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ദുബായിൽ തന്റെ സ്വന്തം കമ്പനിയുടെ ജോലികളിൽ മുഴുകി ഇരിക്കുകയാണ് ആദിത്യൻ. ആദ്യ ആപ്പിന്റെ വിജയത്തിന് ശേഷം നിരന്തരം കൂടുതൽ ആപ്പുകൾ ആദിത്യൻ നിർമ്മിക്കുകയുണ്ടായി. ഇത് പിന്നീട് ആപ്പുകൾക്കായുള്ള ബദൽ പ്ലാറ്റ്‌ഫോമായ അപ്റ്റോയിഡിൽ അപ്ലോഡ് ചെയ്യുകയായിരുന്നു ആദിത്യൻ.
2017 ഡിസംബർ 17ന് തന്റെ പതിമൂന്നാം വയസിലാണ് അദ്ദേഹം ട്രൈനെറ്റ് സൊല്യൂഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചത്. പ്രായം വെറും അഞ്ച് കടക്കുമ്പോഴേക്കും കമ്പ്യൂട്ടറിൽ എല്ലാവിദ്യകളും പഠിച്ചു തുടങ്ങിയിരുന്നു അദ്ദേഹം. സ്‌കൂൾ സുഹൃത്തുക്കളുമായി ചേർന്നാണ് ആദിത്യൻ ട്രൈനെറ്റ് സൊല്യൂഷൻസ് എന്ന ആശയം വളർത്തിയത്. പതിനെട്ട് തികയാത്തതിനാൽ സ്ഥാപിത കമ്പനി ഉടമയാവാൻ ആദിത്യന് വീണ്ടും കാത്തിരിക്കേണ്ടി വന്നു.