വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. കഴിഞ്ഞ സാമ്പത്തിക വർഷം കോര്‍പറേഷന്‍ വായ്പ നല്‍കിയത് 333 കോടിയാണ്. അതിൽ 267 കോടി രൂപയും വനിതാ സംരംഭകര്‍ തിരിച്ചടച്ചു. 2023-24 സാമ്പത്തിക വർഷം 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വരുന്ന വനിതാ വികസന കോര്‍പറേഷന്‍ സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും 30 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ആറ് ശതമാനമാണ് പലിശ നിരക്ക്. സംരംഭത്തിന്‍റെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്‍പറേഷന്‍ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യുന്നു.
നിലവിൽ നാല് സ്‌കീമുകളാണ് കുടിശിക തീര്‍പ്പാക്കുന്നതിന് കോര്‍പറേഷനില്‍ ഉള്ളത്. മൂന്ന് വര്‍ഷം കഴിഞ്ഞതും കുടിശികയുള്ളതുമായ ഫയലുകളില്‍ 50 ശതമാനം പിഴപ്പലിശ ഒഴിവാക്കും. എന്നിട്ട് പലിശയും ബാക്കി വരുന്ന 50 ശതമാനം പിഴപ്പലിശയും ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് ബാക്കി വരുന്ന മുതല്‍ തുക പുതിയ വായ്പയായി അനുവദിക്കും.
സ്ത്രീ സംരംഭകര്‍ക്ക് വിപണികളിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മാര്‍ച്ചില്‍ ‘എസ്‌കലേറ 2025’ എന്ന വിപണന മേള നടത്തിയിരുന്നു. ഈ വർഷം ഡിസംബറില്‍ മറ്റൊരു മേള കൂടി സംഘടിപ്പിക്കാൻ ആലോചനയിലാണ് കോർപറേഷൻ.