ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിക്സ് വീണ്ടും വിവാദത്തിൽ. ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുകയും പ്ലാറ്റ്‌ഫോമിന് അടിമപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് യുഎസ് സംസ്ഥാനമായ ടെക്സസാണ് നെറ്റ്ഫ്ലിക്സിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ സമർപ്പിച്ച പരാതിയിൽ, ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിച്ച് വ്യാപാരലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. കുട്ടികളെയും കുടുംബങ്ങളെയും കൂടുതൽ സമയം സ്ക്രീനിന് മുന്നിൽ തുടരാൻ പ്രേരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേൺ’ രീതികളും കമ്പനി ഉപയോഗിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
നെറ്റ്ഫ്ലിക്സിൽ സിനിമകളും സീരീസുകളും കാണുമ്പോൾ, അത് നിശബ്ദമായി ഉപയോക്താക്കളുടെ ശീലങ്ങളും ഇഷ്ടങ്ങളും അടിസ്ഥാനമാക്കി വ്യക്തിഗത ശുപാർശകൾ നൽകുന്ന നെറ്റ്ഫ്ലിക്സിന്റെ റെക്കമൻഡേഷൻ സംവിധാനം തന്നെ ഈ ആരോപണ വിധേയമാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ ഹോം സ്ക്രീനും കണ്ടന്റ് നിർദേശങ്ങളും നൽകുന്നതിലൂടെ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സമയം നിലനിർത്താനാണ് ശ്രമമെന്ന വിമർശനവും ഉയരുന്നുണ്ട്.
എന്നാൽ എല്ലാ ആരോപണങ്ങളും നെറ്റ്ഫ്ലിക്സ് തള്ളി. ഉപയോക്തൃ സ്വകാര്യതയും ഡാറ്റ സംരക്ഷണവും കമ്പനി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും നിലവിലുള്ള സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.
