2030 ഓടെ രാജ്യത്തെ ഓട്ടോമോട്ടീവ്-ഘടക ഉൽപ്പാദനം 145 ബില്യൺ ഡോളറിലെത്തുമെന്ന് നിതി ആയോഗ്. കയറ്റുമതി മൂന്നിരട്ടിയാകും. അതായത് 20 ബില്യൺ ഡോളറിൽ നിന്ന് 60 ബില്യൺ ഡോളറായി ഉയരുമെന്നും നിതി ആയോഗ് റിപ്പോർട്ട്.
ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖലയെക്കുറിച്ചുള്ള വിപുലമായ വിശകലനവും ആഗോള ഓട്ടോമോട്ടീവ് വിപണികളിൽ ഇന്ത്യയുടെ സ്ഥാനവും കാണിക്കുന്ന രൂപരേഖയും റിപ്പോർട്ട് നൽകുന്നു.
ഓട്ടോമോട്ടീവ് മേഖലയിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി തന്ത്രപരമായ സാമ്പത്തിക, സാമ്പത്തികേതര ഇടപെടലുകളെയും നിതി ആയോഗ് വിശദീകരിക്കുന്നു.
ചൈന, യുഎസ്എ, ജപ്പാൻ എന്നിവയ്ക്ക് ശേഷം ഏകദേശം 6 ദശലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദനത്തോടെ ഇന്ത്യ നാലാമത്തെ വലിയ ആഗോള ഉൽപ്പാദക രാജ്യമായി ഉയർന്നുവന്നിട്ടുണ്ട്. എങ്കിലും ആഗോള ഓട്ടോമോട്ടീവ് ഘടക വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ഒരു ചെറിയ പങ്ക് (ഏകദേശം 3 ശതമാനം) മാത്രമേയുള്ളൂ. അതായത്, ഏകദേശം 20 ബില്യൺ ഡോളർ.
ഗ്ലോബൽ വാല്യൂ ചെയിൻ (ജിവിസി) മത്സരശേഷിയെ തടസ്സപ്പെടുത്തുന്ന പ്രവർത്തനച്ചെലവ്, അടിസ്ഥാന സൗകര്യ വിടവുകൾ, മിതമായ ജിവിസി സംയോജനം, അപര്യാപ്തമായ ഗവേഷണ വികസന ചെലവ് മുതലായവ കാരണം ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖല വെല്ലുവിളികൾ നേരിടുന്നുവെന്ന് നിതി ആയോഗ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.