ഷിപ്പിംഗ് വ്യവസായത്തിന്മേൽ ആഗോള കാർബൺ നികുതി വരുന്നൂ. ഐക്യരാഷ്ട്രസഭയുടെ ഷിപ്പിംഗ് ഏജൻസി ചുമത്തിയ ലോകത്തിലെ ആദ്യത്തെ ആഗോള കാർബൺ നികുതിയെ ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങൾ അനുകൂലിച്ചു. ലണ്ടനിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) ആസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. ഈ വർഷം ഒക്ടോബറിൽ നയം ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതാദ്യമായാണ്, ഒരു വ്യവസായത്തിനു മുഴുവനായി ആഗോള കാർബൺ നികുതി ചുമത്തുന്നത്. കപ്പലുകളിൽ നിന്ന് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. അതുവഴി വായു മലിനീകരണം നിയന്ത്രിക്കാൻ കഴിയും. ഇതനുസരിച്ച്, 2028 മുതൽ കപ്പലുകൾ കുറഞ്ഞ മലിനീകരണ ഇന്ധനങ്ങളിലേക്ക് മാറുകയോ അല്ലെങ്കിൽ അവ സൃഷ്ടിക്കുന്ന മലിനീകരണത്തിന് ഫീസ് നൽകേണ്ടിവരുകയോ ചെയ്യണം.
ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ 63 രാജ്യങ്ങൾ ഈ കരാറിനെ പിന്തുണച്ചെങ്കിലും സൗദി അറേബ്യ, യുഎഇ, റഷ്യ, വെനിസ്വേല തുടങ്ങിയ എണ്ണ സമ്പന്ന രാജ്യങ്ങൾ നികുതിയെ എതിർക്കുകയായിരുന്നു. യുഎസ് പ്രതിനിധി സംഘം ചർച്ചകളിൽ പങ്കെടുത്തില്ല, വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു.
2030 ഓടെ നികുതി 40 ബില്യൺ ഡോളർ വരെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഫണ്ടുകളും ഷിപ്പിംഗ് വ്യവസായത്തിലെ എമിഷൻ കുറയ്ക്കുന്നതിന് മാത്രമായി ഉപയോഗിക്കാനാണ് തീരുമാനം.
യൂറോപ്യൻ ക്ലൈമറ്റ് ഫൗണ്ടേഷന്റെ സിഇഒ ലോറൻസ് ടുബിയാന, ഷിപ്പിംഗിനായി ആഗോള കാർബൺ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഒരു നല്ല ചുവടുവയ്പ്പാണെന്ന് അഭിപ്രായപ്പെട്ടു. മലിനീകരണം സൃഷ്ടിക്കുന്നവർ കാലാവസ്ഥയ്ക്ക് വരുത്തുന്ന നാശത്തിന് പണം നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.