ലിഥിയം ബാറ്ററികളുടെ വില കുറയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ ഇടയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലിഥിയം-അയണ്‍ ബാറ്ററി വിലയിലെ ഇടിവ് ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലേക്കും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വിലയിലേക്ക് ഇവയെ എത്തിക്കുന്നതിനും കാരണമാകും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കിലോവാട്ടിന് ലിഥിയത്തിന്റെ വില 150 യുഎസ് ഡോളറായിരുന്നു. ഇപ്പോള്‍ ഏകദേശം 100 യുഎസ് ഡോളറായി കുറഞ്ഞു. ഇത് വീണ്ടും കുറഞ്ഞു കഴിഞ്ഞാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കുറയും, ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാകുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിവര്‍ഷം ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നത് 22 ലക്ഷം കോടി രൂപയാണ്. അതിനാല്‍ ഇന്ത്യ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒരു സാമ്പത്തിക ബാധ്യതയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ക്ലീന്‍ എനര്‍ജി സ്വീകരിക്കുന്നത് നിര്‍ണായകമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വായു മലിനീകരണം. അതിനാൽ ഗതാഗത മേഖലയിൽ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറേണ്ടതിന്റെ അടിയന്തര ആവശ്യകത ഇന്ന് ഇന്ത്യയിലുണ്ട്. ഇന്ത്യ ഓട്ടോമൊബൈല്‍ മേഖലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറിയിരിക്കുന്നു. 2030 ഓടെ ഇലക്ട്രിക് വാഹന ഉല്‍പ്പാദനത്തില്‍ ഇന്ത്യ മുന്നിലാകുമെന്നും അദ്ദേഹം പറഞ്ഞു.