ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു. രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും, സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നുമുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിനു പിന്നാലെയാണ് സ്വർണ വിലയിലും വർധനവ് ഉണ്ടായത്.
കഴിഞ്ഞവാരം ഔൺസിന് 3,086 ഡോളർ എന്ന റെക്കോർഡ് കുറിച്ച രാജ്യാന്തരവില, ഇന്നത് 3,100 ഡോളർ എന്ന നാഴികക്കല്ലിന് മുകളിലെത്തിച്ചു. ഒറ്റയടിക്ക് 25 ഡോളറിലധികം കുതിച്ച് 3,109.62 ഡോളർ വരെയാണ് എത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കൂടിയത് 240 ഡോളറിലധികം. ഔൺസിന് 2,870 ഡോളറിനും താഴെയായിരുന്നു ഒരുമാസം മുമ്പ് വില.
67,400 രൂപയാണ് ഇന്നൊരു പവനു വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ആഭരണമായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധകമാണ്. അതായത്, മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 72,950 രൂപ നൽകണം.