രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ മൂന്നിരട്ടി വർധിച്ചതായി റിപ്പോർട്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ വർധിച്ചതിനൊപ്പം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ കുടിശിക വരുത്തുന്നവരുടെ എണ്ണവും കൂടി എന്ന് ബാങ്കുകൾ. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് കുടിശിക 28.42 ശതമാനം വര്‍ധനയോടെ ബാങ്കുകളുടെ നഷ്ടം 6,742 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉപയോക്താക്കളുടെ ഉയർന്ന ചെലവഴിക്കല്‍ ശേഷിയും ഡിജിറ്റല്‍ പേയ്മന്റുകളുടെ ഉപയോഗവും റിവാര്‍ഡ് പോയിന്റുകളും ഉയര്‍ന്ന വായ്പ വാഗ്ദാനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുന്നതിന് കാരണമായി പറയുന്നു.
ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള പലിശ രഹിത കാലയളവിന് ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയാണ് കാര്‍ഡ് കുടിശ്ശിക. ഈ കുടിശിക 2023 ഡിസംബര്‍ വരെ 5,250 കോടി രൂപയായിരുന്നു. അതിൽ നിന്ന് 1,500 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷത്തിൽ വര്‍ധിച്ചത്. 2023 ലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 2.53 ലക്ഷം കോടി രൂപയായിരുന്നു.2024 ല്‍ വാണിജ്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി നല്‍കിയത് 2.92 ലക്ഷം കോടി രൂപയാണ്. ഇതില്‍ 2.3 ശതമാനം കിട്ടാക്കടമാണ്. അതായത് 5,214 കോടി രൂപ തിരിച്ചടച്ചിട്ടില്ലന്നാണ് ആര്‍.ബി.ഐ കണക്കുകള്‍ പറയുന്നത്.
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ഈടില്ലാത്തതും ഉയര്‍ന്ന പലിശനിരക്കുള്ളതുമാണ്. 90 ദിവസത്തില്‍ കൂടുതല്‍ പലിശയോ പ്രിന്‍സിപ്പല്‍ ഗഡുവോ കുടിശികയാകുമ്പോഴാണ് വായ്പകളെ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വിഭാഗങ്ങളില്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ വര്‍ധന കാണാം. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 2023 ഡിസംബറിലെ അഞ്ച് ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഡിസംബറില്‍ 4.55 ലക്ഷം കോടി രൂപയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു. പക്ഷെ, അതേസമയം ക്രെഡിറ്റ് കാര്‍ഡുകളുടെ കിട്ടാക്കടം ഉയരുകയും ചെയ്തു.