ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (GCC) സ്ഥാപിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും. രാജ്യത്തെ മുൻനിര വളർച്ചാ നഗരങ്ങളിലൊന്നായി കൊച്ചി മാറുന്നതായി 2025-26 ലെ നാസ്കോം-സിനോവ് ജി.സി.സി. റിപ്പോർട്ട്.
മറ്റു മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനച്ചെലവും ജീവിതച്ചെലവും കൊച്ചിയെ കൂടുതൽ ആകർഷകമാക്കുന്നു. ബെംഗളൂരുവിനെ അപേക്ഷിച്ച് 35–40 ശതമാനം വരെ ചെലവ് കുറവാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, മെട്രോ റെയിൽ, അന്താരാഷ്ട്ര വിമാനത്താവളം, അതിവേഗ ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും നഗരത്തിന്റെ വളർച്ചയ്ക്ക് കരുത്താകുന്നു.
ഇതിനകം തന്നെ ഐ.ബി.എം., നിസ്സാൻ ഡി ജിറ്റൽ, ഇ.വൈ. തുടങ്ങിയ ആഗോള കമ്പനികൾ കൊച്ചിയിൽ അവരുടെ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നോവേഷൻ സെൻററും പ്രവർത്തനം തുടങ്ങി. നിലവിൽ നഗരത്തിൽ നൂറിലധികം ജി സി സികൾ പ്രവർത്തിക്കുന്നതായി വിലയിരുത്തുന്നു.
കേരള സർക്കാർ രൂപപ്പെടുത്തിയ ജി സി സി നയം (2025–2030) നടപ്പായാൽ കൊച്ചിയുടെ ഈ വളർച്ച കൂടുതൽ വേഗത്തിലാകുമെന്ന് വ്യവസായ രംഗം വിലയിരുത്തുന്നു.
