കേരളത്തിൽ റബർ വില വീണ്ടും ഉയരുന്നു. റബ്ബർ ബോർഡ് നിശ്ചയിച്ച നിരക്കുപ്രകാരം ആർ.എസ്.എസ് 4 ഗ്രേഡിന് 243 രൂപയും ആർ.എസ്.എസ് 5 ന് 239 രൂപയുമാണ് നിലവിലെ വില. എന്നാൽ വിപണിയിൽ ചരക്ക് ക്ഷാമം രൂക്ഷമായതോടെ ടയർ കമ്പനികൾ വ്യാപാരികളിലൂടെ ഇതിലും ഉയർന്ന നിരക്കിൽ റബർ ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ. വില അടുത്ത ദിവസങ്ങളിൽ 250 രൂപ കടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ.
രാജ്യാന്തര വിപണിയിലും റബർ വില ആഭ്യന്തര നിരക്കിനെക്കാൾ ഉയർന്ന നിലയിലാണ്. ഇതോടെ ഇറക്കുമതി വർധിപ്പിച്ച് വില താഴ്ത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞത് ആഗോള ലഭ്യതയെ ബാധിച്ചിട്ടുണ്ട്.
കോട്ടയം ഉൾപ്പെടെയുള്ള വിപണികളിൽ വ്യാപാരികൾ 248 രൂപ വരെ വില നൽകി റബർ ശേഖരിക്കുന്ന സാഹചര്യമാണ്. ഈ ചരക്കുകൾ 250 രൂപയ്ക്കും മുകളിലായി ടയർ കമ്പനികൾക്ക് കൈമാറുന്നതായും സൂചന. ആവശ്യകത ഉയർന്നിട്ടും കര്‍ഷകരുടെ കൈവശം ആവശ്യമായ സ്‌റ്റോക്ക് ഇല്ലാത്തതാണ് വിപണിയെ ബാധിക്കുന്നത്. കനത്ത വേനൽചൂട് മൂലം ഇത്തവണ ഉത്പാദനം പകുതിയിലധികം കുറഞ്ഞിരുന്നു.
വില ഉയരുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ സ്റ്റോക്ക് കൂട്ടിയപ്പോൾ, കര്‍ഷകർക്ക് അത്രയും സംഭരണം സാധിച്ചില്ല. കൂടാതെ, ചൂട് കാരണം തോട്ടങ്ങളിൽ ടാപ്പിംഗ് കുറഞ്ഞതും ലഭ്യതയെ ബാധിച്ചു. മഴ ശക്തമാകാതെ ഉത്പാദനം സാധാരണ നിലയിലേക്ക് മടങ്ങാനിടയില്ലെന്നാണ് കര്‍ഷകർ പറയുന്നത്.
ഇതിനൊപ്പം, ക്രൂഡ് ഓയിൽ വില വർധിച്ചതും റബർ വില ഉയരാൻ കാരണമായി. സിന്തറ്റിക് റബർ നിർമ്മാണത്തിന് പ്രധാന അസംസ്കൃത വസ്തുവായ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ, സിന്തറ്റിക് റബർ ചെലവേറിയതാകും. ഇതോടെ വ്യവസായങ്ങൾ പ്രകൃതിദത്ത റബറിലേക്ക് മാറുകയും, അതിന്റെ ആവശ്യകത പെട്ടെന്ന് ഉയരുകയും ചെയ്യുന്നു.
