മേയ് ഒന്നുമുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം. വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതിനാലാണ് ഈ തീരുമാനം. സഞ്ചാരികളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുന്നതിനായി വലിയ വാഹനങ്ങൾക്കും 12 സീറ്റിൽ കൂടുതലുള്ള വാനുകൾക്കും നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
മേട്ടുപ്പാളയത്തുനിന്ന് വരുന്ന വാഹനങ്ങൾ കൂനൂർ വഴിയിലൂടെ ഊട്ടിയിലെത്തണം. തിരിച്ച്, ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോകുന്നവർ കോത്തഗിരി വഴിയായിരിക്കണം പോകേണ്ടത്. ഗൂഡല്ലൂർ ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ നിർത്തിയ ശേഷം സർക്യൂട്ട് ബസുകളിലൂടെ സഞ്ചാരികൾ യാത്ര ചെയ്യണം.
മസിനഗുഡി, കല്ലട്ടി വഴിയുള്ള പ്രവേശനം സീസൺ കാലത്ത് നിരോധിച്ചിട്ടുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ഈ നടപടി. TN 43 രജിസ്‌ട്രേഷൻ വാഹനങ്ങൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക എൻട്രി പാസ് നേടി കല്ലട്ടി വഴി പ്രവേശനം ലഭ്യമാക്കും.
