ഇന്ത്യയിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനം ആരംഭിച്ച് വാട്‌സ്ആപ്പ്. ഇനി ഉപഭോക്താക്കൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വാട്സാപ്പിലൂടെ നേരിട്ട് റീചാർജ് ചെയ്യാം. പേയു (PayU) ആപ്പിന്റെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്പില്‍ലെ രൂപയുടെ ചിഹ്നമുള്ള ഐക്കണിൽ (₹) ക്ലിക്ക് ചെയ്‌ത് അതിൽ പ്രീപെയ്‌ഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. പിന്നീട് മൊബൈൽ ഓപ്പറേറ്ററെ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് പ്ലാൻ തെരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം പെയ്‌മെന്‍റ് മോഡ് തെരഞ്ഞെടുത്ത് റീചാർജ് എളുപ്പത്തിൽ പൂർത്തിയാക്കാം.
യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം നമ്പറിനും മറ്റുള്ളവർക്കും റീചാർജ് ചെയ്യാനാകും എന്നതാണ് പ്രത്യേകത.
മെസേജിംഗിനൊപ്പം പേയ്‌മെന്റ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളിലേക്ക് വ്യാപനം നടത്തുന്ന വാട്സാപ്പിന്റെ പുതിയ നീക്കം ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ മത്സരം കൂടുതൽ ശക്തമാക്കും. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഇത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
