രാജ്യത്ത് പാചകവാതക സിലിണ്ടർ വിതരണത്തിലും ബുക്കിംഗിലും മെയ് 1 മുതൽ നിർണായക മാറ്റങ്ങൾ വരുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വവും വിതരണ പ്രശ്നങ്ങളും പരിഗണിച്ച്ഇന്ത്യൻ ഓയിൽ (Indane), ഭാരത് ഗ്യാസ് (Bharat Gas), എച്ച്പി ഗ്യാസ് (HP Gas) എന്നീ എണ്ണക്കമ്പനികൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
പ്രധാന മാറ്റം ബുക്കിംഗ് ഇടവേളയിലാണ്. നഗരങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്തതിന് ശേഷം അടുത്ത ബുക്കിംഗിന് കുറഞ്ഞത് 25 ദിവസം കാത്തിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ ഈ കാലാവധി 45 ദിവസമാക്കി. അനധികൃത വിൽപ്പനയും വിതരണത്തിലെ ക്രമക്കേടുകളും നിയന്ത്രിക്കാനാണ് നടപടി.
ഡെലിവറി സംവിധാനം കൂടുതൽ സുരക്ഷിതമാക്കാൻ OTP അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം നിർബന്ധമാക്കി. സിലിണ്ടർ എത്തുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്ന കോഡ് നൽകിയാൽ മാത്രമേ വിതരണം നടക്കൂ.
സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ അടിസ്ഥാനത്തിലുള്ള ഇ-കെവൈസി നിർബന്ധമാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾ ഇത് പൂർത്തിയാക്കണം. ഇല്ലെങ്കിൽ സബ്‌സിഡി ലഭിക്കാൻ സാധ്യത കുറവാണ്.
വിലയിലും മാറ്റം പ്രതീക്ഷിക്കപ്പെടുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വില ഉയരുന്നതും കാരണം മെയ് 1 മുതൽ ഗ്യാസ് സിലിണ്ടർ നിരക്ക് വർധിക്കാമെന്നാണ് സൂചന.
വാട്സാപ്പ്, മൊബൈൽ ആപ്പുകൾ, എസ്എംഎസ് എന്നിവ വഴി ബുക്കിംഗ് തുടരാം. വിതരണക്കമ്പനികളുടെ ഔദ്യോഗിക നമ്പറിലേക്ക് ‘റീഫിൽ’ സന്ദേശം അയച്ചാൽ ബുക്കിംഗ് പൂർത്തിയാക്കാം.
