പൊതുമേഖലാ എണ്ണക്കമ്പനികളുടെ അപ്രഖ്യാപിത നിയന്ത്രണത്തെ തുടർന്ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനങ്ങൾക്ക് മതിയായ സ്റ്റോക്കില്ല. ഇപ്പോൾ രണ്ടുദിവസത്തേക്ക് മാത്രം മതിയാകുന്ന സ്റ്റോക്കാണ് ഉള്ളത്. വേനലവധി കാരണം സംസ്ഥാനത്ത് ഇന്ധന ഉപഭോഗം 10 മുതൽ 13 ശതമാനം വരെ ഉയർന്നത് ആശങ്ക ഉയർത്തുന്നു.
ഓരോ പമ്പിലേയും വിൽപ്പനയും ശേഷിക്കുന്ന സ്റ്റോക്കും ഓട്ടോമേഷൻ സംവിധാനത്തിലൂടെ പരിശോധിച്ച് 12–15 ലക്ഷം രൂപയുടെ സ്റ്റോക്ക് മാത്രമാണ് കമ്പനികൾ അനുവദിക്കുന്നത്. ഇതോടെ പമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.
ഓരോ പമ്പിലും 1,500 മുതൽ 2,000 ലിറ്റർ വരെ ‘ഡെഡ് സ്റ്റോക്ക്’ നിലനിർത്തേണ്ടതുണ്ട്. ടാങ്ക് പൂർണമായി വറ്റിപ്പോകാതിരിക്കാനാണിത്. എന്നാൽ നിലവിലെ സ്റ്റോക്ക് നിയന്ത്രണങ്ങൾ കാരണം മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പലപ്പോഴും പമ്പുകൾ ‘ഡ്രൈ ഔട്ട്’ ആകുന്നുവെന്ന് വ്യാപാരികൾ പറയുന്നു. എറണാകുളത്തിന് പുറത്തുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകൾ എത്തുന്നതിൽ വരുന്ന താമസവും പ്രശ്നം വഷളാക്കുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ക്രെഡിറ്റ് വിതരണം നിർത്തിയതും സ്ഥിതി കൂടുതൽ ദുഷ്കരമാക്കി. ഇന്ധനം ലഭിക്കാൻ പമ്പുകൾ മുൻകൂട്ടി പണം അടയ്ക്കേണ്ട സാഹചര്യമാണിപ്പോൾ. തുടർച്ചയായ ബാങ്ക് അവധികൾ മൂലം പണം കമ്പനികളിലേക്ക് എത്തുന്നതിൽ താമസം ഉണ്ടാകുന്നതും വിതരണത്തെ ബാധിക്കുന്നു. മേയ് ഒന്നിലെ അവധി മുന്നിൽ കണ്ട് ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായതായും ഓൾ കേരള ഫെഡറേഷൻ ഓഫ് പട്രോളിയം ഡീലേഴ്സ് മുൻ ജനറൽ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മുതൽ ഇന്ധന വിതരണത്തിലെ തടസ്സങ്ങളും ‘സ്റ്റോക്ക് ഔട്ട്’ ഭീതിയും കണക്കിലെടുത്ത്, റിലയൻസ് പമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതനുസരിച്ച്, റിലയൻസ് പമ്പുകളിൽ നിന്നും ഒറ്റത്തവണ 1000 രൂപയ്ക്ക് മാത്രമാണ് പെട്രോൾ നൽകുന്നത്. ഈ നീക്കം. ഇന്ധനം പെട്ടെന്ന് തീർന്നു പോകുന്നത് തടയാനും, പരിഭ്രാന്തി മൂലമുള്ള അമിത വാങ്ങൽ ഒഴിവാക്കാനും കഴിയുമെന്നതാണ് കമ്പനിയുടെ വിലയിരുത്തൽ.
