വിദേശ ജോലികൾ ലക്ഷ്യമിടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി മലയാളി യുവാക്കൾ ആരംഭിച്ച ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസിനെ ബെംഗളൂരു ആസ്ഥാനമായ എംവേഴ്സിറ്റി ഏറ്റെടുത്തു. ഏകദേശം 40 കോടി രൂപയാണ് പണവും ഓഹരികളും ഉൾപ്പെടുന്ന ഇടപാട് മൂല്യം.
ഡൽഹി സർവകലാശാലയിൽ സഹപാഠികളായിരുന്ന കോഴിക്കോട് സ്വദേശി ഖുബൈബ് അബ്ദുൽ സലാം, നിലമ്പൂർ സ്വദേശികളായ മുർഷിദ് റഹ്മാൻ, യാസിൻ ബിൻ സലീം, തിരൂർ സ്വദേശി അബ്ദുൽ വാജിദ് എന്നിവരുടെ നേതൃത്വത്തിൽ 2022 ലാണ് ലാൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഹെൽത്ത്‌കെയർ മേഖലയിൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്കുള്ള വിശ്വസനീയ പ്ലാറ്റ്ഫോമായി ഇത് മാറി.
ജർമനി, യു.എസ്., ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് തൊഴിൽ നേടാൻ സഹായിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകുന്നത്. വിദേശഭാഷാ പരിശീലനം, ലൈസൻസിംഗ് ഗൈഡൻസ്, റിക്രൂട്ട്മെന്റ് പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ബെംഗളൂരുവിലും കോഴിക്കോട്ടുമായാണ് ഇവരുടെ പ്രവർത്തനം.
അൺഅക്കാദമിയുടെ സി.ഒ.ഒ. ആയിരുന്ന വിവേക് സിൻഹയുടെ നേതൃത്വത്തിലുള്ള എംവേഴ്സിറ്റി, മെഡിക്കൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ കേന്ദ്രീകൃത ഉയർന്ന വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സ്ഥാപനമാണ്. ലാൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തുകൊണ്ട് ഹെൽത്ത്‌കെയർ ടാലന്റ് മൊബിലിറ്റി മേഖലയിൽ കൂടുതൽ വ്യാപനം സാധ്യമാക്കുകയാണ് എംവേഴ്സിറ്റി ലക്‌ഷ്യമിടുന്നത്.
എറ്റെടുക്കലിന് ശേഷവും ലാൻസ്റ്റിറ്റ്യൂട്ട് സ്വതന്ത്ര ബ്രാൻഡായി തുടരും. നിലവിലെ ടീമിനെ നിലനിർത്തിക്കൊണ്ട് സേവനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ രാജ്യങ്ങളിലേക്ക് പ്ലേസ്മെന്റ് അവസരങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ ആഗോള തലത്തിൽ ശ്രദ്ധ നേടുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസ്.
