രാജ്യത്ത് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. ഈ വർഷം ഫെബ്രുവരിയിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 7 രൂപ കുറച്ചിരുന്നു. ശേഷം മാർച്ച് 1ന് സിലിണ്ടർ വില 6 രൂപ വർധിപ്പിച്ചു. ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 41 രൂപയാണ് കുറച്ചത്.
ഏതാനും മാസം മുമ്പുവരെ വില കുത്തനെ ഉയർന്നു നിന്നതിനാൽ ഹോട്ടലുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വില അൽപം കുറഞ്ഞത് സാമ്പത്തികച്ചെലവിൽ അവർക്ക് വലിയ ആശ്വാസം നൽകുന്നു.
പ്രാദേശികമായ നികുതികളും ഗതാഗത ചെലവുകളും അനുസരിച്ച് എൽപിജി സിലിണ്ടര്‍ വിലയ്ക്ക് വ്യത്യാസമുണ്ട്. കൊച്ചിയിൽ 1,769.5 രൂപയും തിരുവനന്തപുരത്ത് 1,790.5 രൂപയും കോഴിക്കോട്ട് 1,802 രൂപയുമാണ് പുതുക്കിയ വില. ഇക്കഴിഞ്ഞ ജനുവരിയിൽ വില ശരാശരി 1,850 രൂപയ്ക്കടുത്തായിരുന്നു.
എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ എണ്ണക്കമ്പനികൾ ഒരു കുറവും വരുത്തിയിട്ടില്ല. അവസാനമായി കഴിഞ്ഞ മാർച്ച് 8 നാണ് ഗാർഹിക സിലിണ്ടർ വില 100 രൂപ കുറച്ചത്.