ഹാന്റവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത ക്രൂസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവർ കപ്പൽ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, വൈറസ് ആഗോളതലത്തിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വിനോദസഞ്ചാര കപ്പലായ എം.വി. ഹോൺഡിയസിൽ നിന്ന് 29 യാത്രക്കാർ മടങ്ങിയതായും കപ്പൽ കമ്പനിയും ഡച്ച് അധികൃതരും അറിയിച്ചു. ബ്രിട്ടൻ, അമേരിക്ക, ജർമനി, നെതർലൻഡ്സ്, സിംഗപ്പൂർ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിൽ ഭൂരിഭാഗവും.
ആദ്യമായി രോഗം സ്ഥിരീകരിച്ച ഡച്ച് പൗരനും ഭാര്യയും മാത്രമാണ് കപ്പൽ വിട്ടതെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പേർ യാത്ര അവസാനിപ്പിച്ചതായി സ്ഥിരീകരിച്ചു. കപ്പൽ വിട്ടവരെയും സമ്പർക്കത്തിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ തുടരുകയാണ്.
ഇതിനിടെ കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധിതർ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും ദക്ഷിണാഫ്രിക്കയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. ഒരു ഡച്ച് പൗരനും രണ്ട് സിംഗപ്പൂർ സ്വദേശികളും നിലവിൽ ക്വാറന്റീനിലാണെന്നാണ് റിപ്പോർട്ട്.
എലികളിലൂടെ പകരുന്ന ഹാന്റവൈറസിന്റെ ‘ആൻഡിസ്’ വകഭേദമാണ് കപ്പലിൽ കണ്ടെത്തിയത്. എലികളുടെ മലം, മൂത്രം, ഉമിനീർ എന്നിവയിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്നു. നിലവിൽ വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല. പനി, തലവേദന, പേശിവേദന, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വീടുകളും ജോലിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക, എലികളുടെ സാന്നിധ്യം ഒഴിവാക്കുക, ഭക്ഷണം സുരക്ഷിതമായി സംഭരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
