കഴിഞ്ഞ പത്ത് വർഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടിയിലധികം രൂപയുടെ ഈട് രഹിത വായ്പകൾ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുദ്ര പദ്ധതിയുടെ പത്താം വാർഷികത്തിൽ തന്റെ വസതിയിൽ ഒരു കൂട്ടം ഗുണഭോക്താക്കളുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പദ്ധതി പ്രകാരം 52 കോടി ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്. ധനകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളും പ്രത്യേകിച്ച് വനിതകൾ അടക്കമുള്ള താഴെത്തട്ടിലുള്ള സംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ കാര്യമായ പങ്കാണ് മുദ്ര ലോൺ വഹിച്ചത്. രാജ്യത്ത് പദ്ധതി വഴി വിതരണം ചെയ്ത മൊത്തം വായ്പകളില്‍ 68 ശതമാനവും വനിതാസംരഭകര്‍ക്കാണ് വിതരണം ചെയ്തത്. എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനം വായ്പകളും എസ്.സി, എസ്.ടി, ഒ.ബി.സി സംരംഭകര്‍ക്കാണ് അനുവദിച്ചത്.
2025 ഫെബ്രുവരി വരെയുള്ള മുദ്രാ വായ്പകളെടുത്താല്‍ ഏറ്റവും മുന്നില്‍ തമിഴ്‌നാടാണ്. 3.23 ലക്ഷം കോടിയാണ് വായ്പയായി നല്‍കിയത്. 3.14 ലക്ഷം രൂപയുടെ വായ്പകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത് . കേരളം ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കര്‍ണാടക (3.02 ലക്ഷം കോടി), മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവയാണ് ആദ്യ അഞ്ചിലെത്തിയ മറ്റ് സംസ്ഥാനങ്ങള്‍.