ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരായ പ്രധാന കേസുകൾ അമേരിക്കയിൽ ഒത്തുത്തീർപ്പായി. ന്യൂയോർക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയർ തട്ടിപ്പ് കേസടക്കമാണ് പൂർണ്ണമായും അവസാനിപ്പിച്ചത്
ഇന്ത്യയിലെ സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപ വിവര വെളിപ്പെടുത്തലുകളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) രജിസ്റ്റർ ചെയ്തിരുന്ന സിവിൽ കേസുകളും കഴിഞ്ഞ ആഴ്ച ഒത്തുതീർപ്പാക്കിയിരുന്നു. കോടതി രേഖകൾ പ്രകാരം, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് ധാരണയിലെത്തിയത്.
ഒത്തുതീർപ്പിന്റെ ഭാഗമായി ഗൗതം അദാനി ആറു മില്യൺ യുഎസ് ഡോളറും സാഗർ അദാനി 12 മില്യൺ യുഎസ് ഡോളറും പിഴയായി നൽകാൻ സമ്മതിച്ചു. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 150 കോടി രൂപ വരും.
ഇതിന് പുറമെ, എൽപിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇറാനെതിരായ അമേരിക്കൻ ഉപരോധം ലംഘിച്ചെന്ന ആരോപണത്തിൽ യുഎസ് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) നടത്തിയ അന്വേഷണവും തീർപ്പാക്കി. അന്വേഷണത്തിൽ സഹകരിക്കുകയും ആവശ്യമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിനെ തുടർന്ന് 275 മില്യൺ യുഎസ് ഡോളർ പിഴയായി നൽകാൻ അദാനി ഗ്രൂപ്പ് തയ്യാറായതായാണ് റിപ്പോർട്ട്.
സൗരോർജ വൈദ്യുതി പദ്ധതികൾക്കായുള്ള കരാറുകളിൽ അനധികൃത സ്വാധീനവും കോഴ ഇടപാടുകളും നടന്നുവെന്ന ആരോപണങ്ങളാണ് അമേരിക്കൻ ഏജൻസികളുടെ അന്വേഷണത്തിന് അടിസ്ഥാനമായിരുന്നത്. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെ സ്വാധീനിച്ച് കരാറുകൾ ഉറപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു.
അദാനി ഗ്രീൻ എനർജിയും അനുബന്ധ കമ്പനികളും കേന്ദ്ര സർക്കാരിന് കീഴിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എസ്‌ഇസിഐ) നടത്തിയ കരാറുകളും അന്വേഷണ പരിധിയിൽ വന്നിരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചകളും വിവാദമായിരുന്നു.
അതേസമയം, യുഎസിൽ ഇത്ര വലിയ സാമ്പത്തിക കുറ്റാരോപണങ്ങൾ ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചത് അസാധാരണ നടപടിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
