ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ “നിങ്ങൾ മനുഷ്യനാണോ?” എന്ന് പരിശോധിക്കാൻ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗൂഗിൾ റീകാപ്ച (reCAPTCHA) സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രങ്ങളിൽ നിന്ന് ബസുകളും സൈക്കിളുകളും കണ്ടെത്തുന്ന പഴയ രീതിക്ക് പകരം ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനത്തിലേക്കാണ് ഗൂഗിൾ നീങ്ങുന്നതെന്നാണ് സൂചന.
പുതിയ സംവിധാനം നിലവിൽ വന്നാൽ വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ സ്ക്രീനിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് മനുഷ്യനാണെന്ന് സ്ഥിരീകരിക്കേണ്ടിവരും. ഗൂഗിൾ പ്ലേ സർവീസസ് പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളുമായിരിക്കും ഇത് പ്രധാനമായും ബന്ധിപ്പിക്കുക.
എന്നാൽ ഈ മാറ്റം സ്വകാര്യതാ ആശങ്കകളും ഉയർത്തുന്നുണ്ട്. സാധാരണ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാതെയും ഉപയോക്താക്കൾ വെബ്സൈറ്റുകൾ സന്ദർശിക്കാറുണ്ട്. പുതിയ ക്യുആർ വെരിഫിക്കേഷൻ വഴി ബ്രൗസറിലോ വെബ്സൈറ്റിലോ നേരിട്ട് ലോഗിൻ ചെയ്യാത്ത സാഹചര്യത്തിലും സന്ദർശന വിവരങ്ങൾ ഫോണുമായി ബന്ധിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൈബർ സ്വകാര്യതാ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ നിലവിൽ ഗൂഗിൾ റീകാപ്ച ഉപയോഗിക്കുന്നുണ്ട്. അതിനാൽ പുതിയ സംവിധാനം വ്യാപകമായി നടപ്പിലായാൽ ഉപയോക്താക്കളുടെ ബ്രൗസിങ് ശീലങ്ങളെ കുറിച്ചുള്ള കൂടുതൽ ഡാറ്റ ഗൂഗിളിന് ലഭിക്കാമെന്ന ആശങ്കയും ഉയരുന്നു.
ഗൂഗിൾ സേവനങ്ങൾ ഒഴിവാക്കിയ ഗ്രാഫീൻ ഒഎസ് പോലുള്ള ‘ഡീ-ഗൂഗിൾഡ്’ ആൻഡ്രോയിഡ് ഫോണുകളിൽ ഈ വെരിഫിക്കേഷൻ സംവിധാനം പ്രവർത്തിക്കാതിരിക്കാൻ സാധ്യതയുണ്ട്. അതേസമയം ഐഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക റീകാപ്ച ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
