രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ശക്തമായ മുന്നേറ്റം തുടരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ വിപുലീകരണത്തിലേക്ക്. ഇതിന്റെ ഭാഗമായി പുതിയ ഫീൽഡ് അധിഷ്ഠിത കളക്ഷൻ ടീം രൂപീകരിക്കാനാണ് എസ്ബിഐയുടെ നീക്കം. നിലവിലെ ജീവനക്കാരെ മാറ്റിനിയോഗിക്കുന്നതിന് പകരം പുതിയ നിയമനങ്ങളിലൂടെയാകും ടീം സജ്ജമാക്കുക. വായ്പ തിരിച്ചുപിടിത്തം കൂടുതൽ കാര്യക്ഷമമാക്കുകയും കിട്ടാക്കടം നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
അണ്ടർറൈറ്റിംഗ്, റിക്കവറി സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും, ഫീൽഡ് തലത്തിൽ കേന്ദ്രീകൃത നിയന്ത്രണത്തോടെ പുതിയ സംവിധാനം പ്രവർത്തിക്കുമെന്നും എസ് ബി ഐ ചെയർമാൻ സി എസ് സെട്ടി പറഞ്ഞു.
എസ്ബിഐയുടെ സാമ്പത്തിക പ്രകടനവും ഈ നീക്കത്തിന് ആത്മവിശ്വാസം നൽകുന്നതാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ബാങ്ക് എക്കാലത്തെയും ഉയർന്ന വാർഷിക അറ്റാദായമായ 80,032 കോടി രൂപ നേടി. അവസാന പാദത്തിൽ മാത്രം 19,684 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.
അതേസമയം, ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി നിലയും മെച്ചപ്പെട്ടിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.39 ശതമാനമായി താഴ്ന്നപ്പോൾ മൊത്ത നിഷ്‌ക്രിയ ആസ്തി 1.49 ശതമാനമായി കുറഞ്ഞു. വായ്പാ നഷ്ട വ്യവസ്ഥകളിൽ ഉണ്ടായ കുറവും സ്ഥിരതയാർന്ന ബാലൻസ് ഷീറ്റുമാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.
ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും എസ്ബിഐ വൻതോതിൽ നിക്ഷേപം തുടരുകയാണ്. യോനോ 2.0 പ്ലാറ്റ്ഫോമിന്റെ വ്യാപനത്തോടൊപ്പം പേപ്പർലെസ് ബാങ്കിംഗ് പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ സപ്പോർട്ട് സ്റ്റാഫിനെയും ബാങ്ക് നിയമിക്കുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങളും ഫീൽഡ് തല ഇടപെടലുകളും ഒരേസമയം ശക്തിപ്പെടുത്തുന്ന സമഗ്ര തന്ത്രമാണ് എസ്ബിഐ ഇപ്പോൾ പിന്തുടരുന്നത്.
