സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിൽ എസി വിപണി റെക്കോർഡ് വിൽപ്പനയിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ എസി വിപണിയിൽ 40 മുതൽ 50 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്തുടനീളം ഏകദേശം ഒന്നര ലക്ഷം എസികൾ വിറ്റഴിഞ്ഞതായാണ് വിപണിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചില പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ ഒരു ദിവസം 5000-ത്തിലധികം എസികൾ വരെ വിറ്റതായി വ്യാപാരികൾ പറയുന്നു.
ഇതിനിടെ എസി, ഫാൻ, എയർ കൂളർ തുടങ്ങിയ ഉപകരണങ്ങൾക്ക് വീണ്ടും വില വർധിക്കാനിടയുണ്ടെന്ന സൂചനയും ശക്തമാണ്. ഡോളർ മൂല്യവർധനയും കോപ്പർ, അലൂമിനിയം, സ്റ്റീൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും നിർമാണ ചെലവ് ഉയർത്തിയെന്നാണ് കമ്പനികളുടെ വിശദീകരണം. ഇതിനോടകം തന്നെ പല ബ്രാൻഡുകളും 8 മുതൽ 10 ശതമാനം വരെ വില വർധിപ്പിച്ചു കഴിഞ്ഞു.
എസിക്കൊപ്പം ഫാനും എയർ കൂളറുകളും ഇത്തവണ മികച്ച ഡിമാൻഡാണ് നേടിയത്. എന്നാൽ മെയ് മാസത്തിലെ വേനൽമഴയെ തുടർന്ന് വിപണിയിലെ തിരക്ക് ഇപ്പോൾ കുറഞ്ഞുവരികയാണ്.
