പ്രളയ സാധ്യതാ പഠനം ചാലക്കുടി, പെരിയാര്‍ നദീതടങ്ങളില്‍ ജനങ്ങളുമായി ചേര്‍ന്ന് നടത്തുകയാണ് ഇക്വിനോക്ട്
യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോര്‍ട്ട് വെഞ്ച്വര്‍ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ സംരംഭമെന്ന നേട്ടം സ്വന്തമാക്കി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഇക്വിനോക്ട്. 72 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വെറും 7 സ്റ്റാര്‍ട്ടപ്പുകളാണ് പ്രഥമ പ്രഥമ യൂണിസെഫ് ഇന്നൊവേഷന്‍ ഫണ്ട് നേടിയതെന്നത് ഇക്വിനോക്ടിന്റെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
നിലവില്‍ കാലാവസ്ഥാ വ്യതിയാനം, പ്രളയ മുന്നറിയിപ്പ് തുടങ്ങിയവ നല്‍കുന്ന സംവിധാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണത്തിന് ഉതകുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ പോരായ്മ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഈ പോരായ്മ പരിഹരിക്കുന്നതില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഇക്വിനോക്ട്.
ഇക്വിനോക്ടും പ്രവര്‍ത്തനങ്ങളും
സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജയരാമൻ ചില്ലയിൽ, സഹസ്ഥാപകനും സി.ഇ.ഒയുമായ ഡോ.സി.ജി. മധുസൂദനൻ എന്നിവരാണ് ഇക്വിനോക്ടിന്റെ സാരഥികൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ അതിജീവന സാധ്യതകള്‍ പഠിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇക്വിനോക്ട്.
തീരദേശ പഞ്ചായത്തുകളില്‍ അധികരിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന് ജനകീയ തദ്ദേശ സ്വയംഭരണ കൂട്ടായ്മയോടെയുള്ള ശാസ്ത്രീയ നിവാരണ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്.