തിരുവനന്തപുരം∙ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി 5 വർഷം പൂർത്തിയാകുമ്പോഴേക്കും 208 കോടി രൂപയുടെ വിറ്റുവരവ്. ഇതുവരെ 79 ലക്ഷം കിലോ ചിക്കൻ ഉൽപാദിപ്പിച്ച് വിപണനം നടത്തി. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നു പദ്ധതിയുടെ തുടക്കം. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ചിക്കന്റെ 50% ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്കു മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കാൻ അവസരം ഒരുക്കുകയും ആയിരുന്നു ലക്ഷ്യം.
പൊതു വിപണിയെക്കാൾ വില കുറവായതിനാൽ കേരള ചിക്കന്റെ സ്വീകാര്യത വർധിച്ചതായും തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി 270 ബ്രോയ്‌ലർ ഫാമുകളും 94 ചിക്കൻ ഔട്‌ലെറ്റുകളും പ്രവർത്തിക്കുന്നതായും കുടുംബശ്രീ അധികൃതർ പറഞ്ഞു.
പദ്ധതി ഗുണഭോക്താവായ വനിതയ്ക്ക് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സീൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഔട്‍ലെറ്റിൽ എത്തിക്കും. ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ സംരംഭകന് ശരാശരി 50,000 രൂപ വരുമാനവും ഔട്‌ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000 രൂപ വീതവും ലഭിക്കുന്നു.