റിസർവ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് 0.25% വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇതിനു മുന്നേ ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു.
പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
റീപ്പോ നിരക്ക് കുറയുന്നതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.