വിശ്വസിക്കാൻ റെഡിയായിക്കോ, കുടുംബശ്രീയുടെ ജനകീയ ഭക്ഷണശാലയായ “സമൃദ്ധി @കൊച്ചി’യുടെ കാൻ്റീനിൽ ചെന്നാൽ മതി, 40 രൂപയ്ക്ക് ഊണ് കിട്ടും. ‘സമൃദ്ധി’യുടെ നാലാംവാർഷികത്തിൽ കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് കടവന്ത്രയിലെ ജി സി ഡി എ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ആദ്യ കാൻ്റീൻ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
രാവിലെ ഏഴുമുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. പ്രഭാതഭക്ഷണം, ഊണ്, ലഘുഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിവയെല്ലാം ന്യായമായ വിലയിൽ ലഭിക്കും. ഒരേ സമയം 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് കാൻ്റീൻ ക്രമീകരിച്ചിരിക്കുന്നത്. ജി സി ഡി എ ജീവനക്കാര്‍ക്ക് സബ്സിഡിയോടെയും പൊതുജനങ്ങള്‍ക്ക് 40 രൂപയുമാണ് ഊണിൻ്റെ നിരക്കായി വരുന്നത്. മറ്റ് വിഭവങ്ങൾ “സമൃദ്ധി@കൊച്ചി’യിലെ വിലയിൽത്തന്നെ ലഭിക്കും
കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക് ഉപജീവനമാർഗംകൂടിയാണ് സമൃദ്ധിയിലൂടെ സാധ്യമാകുന്നത്. കാന്റീൻ നടത്തിപ്പ് കുടുംബശ്രീ പ്രവർത്തകർക്കാണ്.
പത്ത് രൂപയ്ക്ക് ഊണ് ലഭ്യമാക്കിയാണ് സമൃദ്ധി@ കൊച്ചി നഗരത്തിൽ ജനകീയമായത്. കൊച്ചി നഗരത്തിൽ ഒരാൾപോലും വിശന്നിരിക്കരുതെന്ന ലക്ഷ്യവുമായി 2021ലാണ് ‘സമൃദ്ധി’യുടെ തുടക്കം. സംസ്ഥാനത്ത് ആയിരത്തിലേറെ ജനകീയ ഹോട്ടലുകളിൽ 10 രൂപയ്ക്ക് ഊണ് നൽകിയ ഏക ഹോട്ടൽ കൊച്ചിയിലെ കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലായിരുന്നു. പ്രതിദിനം ശരാശരി ആറായിരത്തോളംപേർ ഭക്ഷണം കഴിക്കാൻ ‘സമൃദ്ധി’യിൽ എത്താറുണ്ട്.