നെതർലാൻഡ്‌സ് ആസ്ഥാനമായ യൂണിലിവർ പിഎൽസിയുടെ മാഗ്നം ഐസ്‌ക്രീം കമ്പനിയുടെ ആദ്യ ആഗോള പ്രവർത്തന കേന്ദ്രമാകാൻ ഇന്ത്യ ഒരുങ്ങുന്നു. പൂനെയിൽ 900 കോടി നിക്ഷേപത്തിൽ ഗ്ലോബൽ ഓപ്പറേഷൻ സെന്ററും, മുംബൈലിൽ കമ്പനിയുടെ ആസ്ഥാനവും സ്ഥാപിക്കും. മുംബൈയിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറം NXT25 ഉച്ചകോടിയിൽ മഹാരാഷ്ട്ര സർക്കാരും കമ്പനിയും കരാറിൽ ഒപ്പുവച്ചു.
ഐസ്ക്രീം ബ്രാൻഡിന്റെ മിഡിൽ ഈസ്റ്റ്, തുർക്കി, ദക്ഷിണേഷ്യ എന്നിവയുടെ പ്രാദേശിക ആസ്ഥാനമായി ഇന്ത്യയിലെ ആസ്ഥാനം പ്രവർത്തിക്കും. മാഗ്നത്തിന്റെ പൂനെയിലെ ആഗോള ശേഷി കേന്ദ്രം ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. മാഗ്നത്തിന്റെ ആഗോള ശൃംഖലയ്ക്കായി വിവരസാങ്കേതികവിദ്യ, വിതരണ ശൃംഖല, ധനകാര്യം, മാനവ വിഭവശേഷി മാനേജ്മെന്റ് തുടങ്ങിയ പ്രധാന സേവനങ്ങൾ എന്നിവ പൂനെയിലെ ആഗോള ശേഷി കേന്ദ്രം നൽകും.
വാൾസ്, മാഗ്നം, ബെൻ & ജെറി എന്നിവയുൾപ്പെടെ ലോകത്തിലെ മികച്ച 10 ഐസ്ക്രീം ബ്രാൻഡുകളിൽ അഞ്ചെണ്ണം യൂണിലിവറിന്റെ ഐസ്ക്രീം ബിസിനസിൻ്റെ ഭാഗമാണ്. മൊത്തത്തിൽ, ഈ ബ്രാൻഡുകൾ 2023 ൽ €7.9 ബില്യൺ മൊത്തം വിറ്റുവരവ് നേടി