അമേരിക്കൻ വ്യാപാര മാസികയായ ഫോബ്‌സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 47,000 കോടിയോളം രൂപയാണ്. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും ഇന്ത്യക്കാരിൽ 32ാം സ്ഥാനത്തുമാണ് എം.എ യൂസഫലി.
പട്ടികയിൽ ആദ്യ 5 മലയാളികളിൽ എം.എ യൂസഫലിക്ക് പുറമെ, ജെംസ് എഡ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർ പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവർ ഇടം നേടി.
കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ), ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.