നാല് മാസത്തെ യുദ്ധത്തിനൊടുവിൽ പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നു. 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന കരാറിൽ ഇറാനും യുഎസും ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ പരസ്പര ആക്രമണങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ.
സമാധാന കരാർ പ്രാബല്യത്തിൽ വന്നാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം വീണ്ടും പുനരാരംഭിക്കും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ യുഎസും പിൻവലിക്കും. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചത്.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് തുറക്കുന്നതോടെ രാജ്യാന്തര ചരക്കുനീക്കം സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പ്രതിഫലനമായി ക്രൂഡോയിൽ വിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. യുദ്ധകാലത്ത് ബാരലിന് 120 ഡോളറിനടുത്തെത്തിയ ബ്രെന്റ് ക്രൂഡ് നിലവിൽ 80 ഡോളറിന് സമീപമാണ്. എണ്ണവില കുറയുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാകും.
ഇന്ധനവില കുറയുന്നതിനൊപ്പം പണപ്പെരുപ്പ സമ്മർദവും ശമിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇതോടെ പലിശനിരക്കുകൾ ഉയരാനുള്ള സാധ്യത കുറയുകയും സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂല സാഹചര്യം രൂപപ്പെടുകയും ചെയ്യും.
സമാധാന പ്രതീക്ഷകൾ ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചു. അമേരിക്കൻ, ഏഷ്യൻ വിപണികൾ നേട്ടം രേഖപ്പെടുത്തിയതോടെ ഇന്ത്യൻ വിപണിയിലും മുന്നേറ്റം പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം, കരാറിന്റെ അന്തിമ രൂപവും ഇറാന്റെ ആണവപരിപാടികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
