ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണ കൊറിയ ഇന്ത്യയെ മറികടന്ന് ആറാം സ്ഥാനത്തെത്തി.
ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 4.79 ലക്ഷം കോടി ഡോളറിലേക്കാണ് കുറഞ്ഞത്. അതേസമയം, ദക്ഷിണ കൊറിയയുടെ വിപണിമൂല്യം 5.01 ലക്ഷം കോടി ഡോളറിലെത്തി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യത്തെ വിലക്കയറ്റ ആശങ്കകളും ഇന്ത്യൻ വിപണിയെ സമ്മർദത്തിലുമാക്കി. ഇതിന്റെ പ്രതിഫലനമായി ഈ വർഷം ഇതുവരെ സെൻസെക്സ് 12.72 ശതമാനവും നിഫ്റ്റി 10.48 ശതമാനവുമാണ് ഇടിഞ്ഞത്.
അതേസമയം, നിർമിതബുദ്ധി (എഐ), സെമികണ്ടക്ടർ മേഖലകളിലേക്കുള്ള വൻ നിക്ഷേപങ്ങളാണ് തായ്‌വാനും ദക്ഷിണ കൊറിയയും മുന്നേറാൻ കാരണമായത്. സാംസങ് ഇലക്ട്രോണിക്സ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ കമ്പനികൾ ആഗോള എഐ അടിസ്ഥാനസൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിച്ചതോടെ അവരുടെ വിപണിമൂല്യം കുത്തനെ ഉയർന്നു. ഇതിന്റെ നേട്ടം മുഴുവൻ കൊറിയൻ വിപണിക്കും ലഭിച്ചു.
എഐയും സെമികണ്ടക്ടർ നിർമാണവും ആഗോള നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറുമ്പോൾ, ഈ മേഖലകളിൽ വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ഇന്ത്യയ്ക്ക് പിന്നാക്കം നിൽക്കേണ്ടിവരുന്നതും ആശങ്കയുണ്ടാക്കുന്നു. ലോക ഓഹരി വിപണികളുടെ പുതിയ ശക്തികേന്ദ്രങ്ങൾ സാങ്കേതികവിദ്യയുടെയും ചിപ്പ് നിർമാണത്തിന്റെയും ചുറ്റുപാടിലാണ് രൂപപ്പെടുന്നതെന്ന് പുതിയ റാങ്കിങ്ങുകൾ വ്യക്തമാക്കുന്നു.
79.1 ലക്ഷം കോടി ഡോളർ വിപണിമൂല്യവുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ചൈനയും ജപ്പാനും യഥാക്രമം തുടരുന്നു.
