ഇലക്ട്രിക് ട്രക്കുകള്‍ക്ക് കേന്ദ്രം സബ്‌സിഡി നൽകുമെന്ന് റിപ്പോര്‍ട്ട്. വാഹന വിലയുടെ 10-15 ശതമാനം വരെ സബ്‌സിഡിയായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ട്രക്കുകള്‍ക്ക് 19 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാർ ആലോചനയിലാണെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5000 ത്തോളം ഇലക്ട്രിക്ക് ട്രക്കുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നിലവില്‍ ഡീസല്‍ ട്രക്കുകളേക്കാള്‍ ഇരട്ടി വിലയാണ് ഇ-ട്രക്കുകള്‍ക്ക് ഉള്ളത്. അതിനാൽ ഈ സബ്സിഡി ഇലക്ട്രിക് ട്രക്കുകളുടെ വില്‍പ്പന വർധിപ്പിക്കാൻ ഇടയാക്കും. ഇ-ട്രക്കുകള്‍ക്ക് പദ്ധതിയിൽ 500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. പുതിയ സബ്‌സിഡിയിൽ 4.8 കിലോവാട്ട് ശേഷിയുള്ള ട്രക്കുകള്‍ക്ക് മൊത്തം വിലയുടെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 55 ടണ്‍ ശേഷിയുള്ള വലിയ ട്രക്കുകള്‍ക്ക് 12.5 ലക്ഷം രൂപ വരെയും ലഭിക്കാം. ഈ വിഷയത്തിൽ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ബന്ധപ്പെട്ട കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
എന്നാൽ, ഇ-ട്രക്ക് നിർമ്മാണ കമ്പനികൾ ഈ സബ്സിഡിയിൽ അതൃപ്തരാണെന്നാണ് വാദം. ഇലക്ട്രിക് ബസുകള്‍ക്ക് 35 ലക്ഷം രൂപ വരെ സബ്‌സിഡി നൽകുന്നതാണ് കാരണമെന്ന് പറയുന്നു. ഈ വിഷയത്തിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകള്‍ക്ക് സബ്‌സിഡി നല്‍കുന്നതെന്നും ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍ക്ക് അധിക സബ്‌സിഡിയുടെ ആവശ്യമില്ലെന്നും അധികാരികൾ പ്രതികരിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.