പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. പ്രതിവര്‍ഷം ലഭിച്ചിരുന്ന ഒമ്പത് സിലിണ്ടറുകളുടെ ക്വാട്ടയാണ് ഇപ്പോള്‍ നാലായി വെട്ടിക്കുറച്ചിരിക്കുന്നത്.
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ എല്‍.പി.ജി കണക്ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016-ലാണ് ഉജ്ജ്വല പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ 12 സിലിണ്ടറുകൾ വരെ സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് ഒമ്പതായി കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും വെട്ടിക്കുറച്ചതോടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
സിലിണ്ടറൊന്നിന് 300 രൂപയാണ് നിലവിൽ കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ എൽ.പി.ജി വില ഉയർന്നതും പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം വർധിച്ചതുമാണ് സബ്സിഡി നിയന്ത്രണത്തിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുപ്രകാരം കേരളത്തിൽ പല സ്ഥലങ്ങളിലും സിലിണ്ടർ വില 950 രൂപയോട് അടുക്കുകയാണ്. സബ്സിഡി ലഭിച്ചാലും ഗുണഭോക്താക്കൾക്ക് ഗണ്യമായ തുക സ്വന്തം കൈയിൽ നിന്ന് നൽകേണ്ടിവരും.
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചതോടെ സാധാരണ കുടുംബങ്ങളുടെ പ്രതിമാസ ചെലവ് വർധിക്കുമെന്നും കുടുംബ ബജറ്റിന് അധികഭാരം സൃഷ്ടിക്കുമെന്നും ഉപഭോക്തൃ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
