സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഈ പദ്ധതി.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി അതിന്റെ സാമ്പത്തികവും പ്രവർത്തനപരവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തും. തുടർന്ന് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുകയാണെങ്കിൽ പ്രതിവർഷം 712 കോടി രൂപ അധിക ബാധ്യത വരും. എല്ലാ ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണെങ്കിൽ ബാധ്യത പ്രതിവർഷം 1300 കോടി രൂപയായി ഉയരുമെന്നും കണക്കാക്കുന്നു.
അതേസമയം, ബസുകളുടെ കുറവ് പല ജില്ലകളിലും വെല്ലുവിളിയായി തുടരുകയാണ്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് പുതിയ സർവീസുകൾ ആരംഭിക്കാനും നിലവിലെ റൂട്ടുകൾ ശക്തിപ്പെടുത്താനും ബസുകളുടെ കുറവ് തടസ്സമാകുകയാണ്. ആദ്യ 100 ദിവസത്തെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട വികസനം സംബന്ധിച്ച തീരുമാനമുണ്ടാകും.
