സ്വന്തമായി ബിസിനസ് സംരംഭം ആരംഭിക്കുന്നതിന് മുന്നിൽ പല തടസങ്ങളുമുണ്ട്. ഇവ നേരിട്ട് മുന്നോട്ട് പോകാൻ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ആവശ്യമാണ്. ഇവിടെ പലപ്പോഴും പ്രതിസന്ധിയാകുന്നത് ഫണ്ടിംഗ് തന്നെയാകും. വലിയ രീതിയിലുള്ള സംരംഭങ്ങൾക്ക് പകരം, കേരളത്തിലെ ഏത് പ്രദേശത്തും ഒരു പോലെ വിജയിപ്പിക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങൾ ഇന്ന് കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ സാധിക്കും.
വേഗത്തിൽ ലാഭത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതും മാസ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നതുമായ 5 ബിസിനസ് ആശയങ്ങളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്. 2 ലക്ഷം രൂപയുടെ കുറഞ്ഞ നിക്ഷേപം മാത്രമാണ് ഈ ബിസിനസുകൾക്ക് ആവശ്യമായി വരുന്നത്.
ബേക്കറി സ്റ്റോർ
കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ബിസിനസ് ആശയങ്ങളിലൊന്നാണ് ബേക്കറി സ്റ്റോർ. ബേക്ക്ഡ് പലഹാരങ്ങൾ, കേക്കുകൾ എന്നിവയ്ക്ക് ആവശ്യക്കാരുയരുന്ന കാലത്ത് നല്ല വിപണി പിടിക്കാൻ ബേക്കറികൾക്ക് കഴിയും. 60 മുതൽ 70 ചതുരശ്ര അടി വിസ്തീർണമുള്ള കടമുറി ബേക്കറി സ്റ്റോറിനായി വാടകയ്‌ക്കെടുക്കാം. 2 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ ലാഭകരമായ ബിസിനസിലേക്ക് കടക്കാം.
കാറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ്
ഒരു പരിപാടി സംഘടിപ്പിക്കാനും ഏകോപ്പിക്കാനുമുള്ള കഴിവ് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. ഇതിനാൽ ഇന്നത്തെ കാലത്ത് പലരും ഇത് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെയാണ് ഏൽപ്പിക്കുന്നത്. ടീം മാനേജ്മെന്റ് കഴിവുകളുള്ളവരാണെങ്കിൽ കാറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് ബിസിനസിൽ ശോഭിക്കാം. കാറ്ററിംഗ് ബിസിനസിന്റെ വിജയം ഭക്ഷണമാണ്. നന്നായി പാചകം ചെയ്യാൻ കഴിയുന്ന ഒരു കാര്യക്ഷമമായ ടീം ഉറപ്പാക്കേണ്ടതാണ്. ആരംഭിക്കാൻ അടിസ്ഥാന ചെലവുകൾ കുറവായതിനാൽ 2 ലക്ഷം രൂപയിൽ താഴെ ചെലവിട്ടാൽ കാറ്ററിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് ബിസിനസ് ആരംഭിക്കാം.
ടൂൾ റെന്റൽ സർവീസ്
പലരും പ്രധാന്യം നൽകാത്ത, വിപണിയിൽ ഒഴിഞ്ഞ കിടക്കുന്ന ഒരു മേഖലയാണ് ടൂൾ റെന്റൽ സർവീസ്. വിവിധ തരം ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് ഇന്നത്തെ കാലത്ത് നല്ല വിപണി സാധ്യതയുണ്ട്.
നിർമാണ ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വാഹനങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രധാന ഉപകരണങ്ങൾ, പാചക പാത്രങ്ങൾ എന്നിങ്ങനെ നിരവധി മേഖലയിൽ അവസരമുണ്ട്. ഏത് ഉപകരണമാണോ വാടകയ്ക്ക് നൽകുന്നത് അവ വാങ്ങാൻ ചെലാവാക്കുന്ന തുക മാത്രമാണ് നിക്ഷേപം. 2 ലക്ഷം രൂപയിൽ താഴെ ടൂൾ റെന്റൽ സർവീസ് ആരംഭിക്കാം.
വർക്ക് ഷോപ്പുകൾ
എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ സ്വയം തൊഴിൽ മാർഗമാണ് വർക്ക് ഷോപ്പുകൾ. റിപ്പയർ ഷോപ്പുകൾ ആരംഭിക്കുന്നതിന് അതാത് മേഖലയിൽ വൈദഗ്ദ്യം ആവശ്യമാണ്. ചെറിയ രീതിയിൽ ആരംഭിച്ച് വളർച്ചയ്ക്ക് അനുസരിച്ച് സൗകര്യങ്ങൾ വളർത്തുന്നത രീതിവർക്ക് ഷോപ്പുകളിൽ പരിഗണിക്കാം. വാഹനങ്ങൾ നിർത്തി ജോലി ചെയ്യാൻ ആവശ്യമായ സ്ഥലവും ടൂൾസ് സൂക്ഷിക്കാനുമുള്ള കടമുറിയും ചേർന്ന ഇടത്ത് വർക്ക്ഷോപ്പുകൾ ആരംഭിക്കാം. റോഡരികിൽ ആരംഭിക്കുന്നതാണ് ബിസിനസ് വളരാൻ ഉചിതം. 2 ലക്ഷം രൂപ ചെലവിൽ ആരംഭിക്കാം.
ഗ്രോസറി സ്റ്റോറുകൾ
എല്ലാ പ്രദേശങ്ങളിലും പലചരക്ക് കടകളുള്ളതിനാൽ മത്സരമുള്ളൊരു മേഖലയിാണിത്. ഇതോടൊപ്പം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വലിയൊരളവ് ഉപഭോക്താക്കളെ ആകർഷിക്കുന്നു. എന്നാൽ പ്രാദേശികമായി അത്യാവശ്യക്കാര്യങ്ങൾക്ക് സാധാരണക്കാർ ഇന്നും ഉപയോഗിക്കുന്നത് അതാത് മേഖലകളിലെ പലചരക്ക് കടകളെയാണ്. അതിനാൽ വിപണിയിൽ സാധ്യതയുണ്ട്. സമീപ പ്രദേശങ്ങളിലെ കടകളുടെ സാന്നിധ്യം നോക്കി പുതിയവ ആരംഭിക്കാം. വാടക മുറിയും ആദ്യ ഘട്ടത്തിലെ പർച്ചേസിംഗാനായുള്ള ചെലവുകളുമാണ് കണ്ടെത്തേണ്ടത്. 2 ലക്ഷം രൂപയിൽ താഴെ നിക്ഷേപിച്ചാൽ ഒരു പലചരക്ക് കട തുടങ്ങാം. കുറഞ്ഞ പ്രവർത്തന ചെലവാണ് ആകർഷകമായ മറ്റൊരു കാര്യം.