വാട്സാപ്പിന്റെ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ‘വാട്സാപ്പ് പ്ലസ്’ ആരംഭിച്ചു. ആപ്പിനെ കൂടുതൽ വ്യക്തിഗതമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി നിരവധി പുതിയ കസ്റ്റമൈസേഷൻ ഫീച്ചറുകളാണ് വന്നിരിക്കുന്നത്. നിലവിൽ iOS പതിപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സബ്സ്ക്രിപ്ഷൻ ഓപ്ഷൻ ലഭിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാധാരണ മെസേജിംഗ്, കോളിംഗ് ഫീച്ചറുകൾ സൗജന്യമായി തന്നെ തുടരും. എന്നാൽ ആപ്പിന്റെ ലുക്കും ഫീച്ചറുകളും മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് പണം നൽകേണ്ടി വരും.
18 വ്യത്യസ്ത തീം നിറങ്ങൾ, 14 പുതിയ ആപ്പ് ഐക്കണുകൾ, അനിമേറ്റഡ് ഇഫക്ടുകളുള്ള പ്രീമിയം സ്റ്റിക്കറുകൾ, പ്രത്യേക റിംഗ്‌ടോണുകൾ തുടങ്ങിയവ പ്ലസ് വരിക്കാർക്ക് ലഭിക്കും. കൂടാതെ നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്യാനാകും. അതായത്, പ്ലസ് ഉപയോക്താക്കൾക്ക് ഒരേസമയം 20 ചാറ്റുകൾ വരെ പിൻ ചെയ്യാനാകും. ഒന്നിലധികം ചാറ്റുകൾക്ക് ഒരേ തീമും നോട്ടിഫിക്കേഷൻ ടോണും നൽകാനുള്ള ബൾക്ക് കൺട്രോൾ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്കിൽ ഓരോ രാജ്യത്തിനും മാറ്റമുണ്ടാകും. യൂറോപ്പിൽ ഏകദേശം 2.49 യൂറോയാണ് നിരക്ക്. ചില ഉപയോക്താക്കൾക്ക് സൗജന്യ ട്രയൽ ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം, മുമ്പ് ‘വാട്സാപ്പ് പ്ലസ്’ എന്ന പേരിൽ പ്രചരിച്ച വ്യാജ ആപ്പുകളുമായി ഈ ഔദ്യോഗിക സേവനത്തിന് ബന്ധമില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
