സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ഉടൻ വിപണിയിലെത്തും. ഈ മാസം അവസാനത്തോടെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പന ആരംഭിക്കാനാണ് നീക്കം.
ആദ്യഘട്ടത്തിൽ അരലിറ്റർ കുപ്പികളായിരിക്കും ലഭ്യമാകുക. ഒരു കുപ്പിക്ക് 400 രൂപയാണ് വില. തുടക്കത്തിൽ ദിവസേന 900 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. പിന്നീട് ഉത്പാദനം വർധിപ്പിക്കാനും ആലോചനയുണ്ട്.
ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് പരിഗണിച്ചിരുന്നത്. എന്നാൽ പേരുമായി ബന്ധപ്പെട്ട നിയമവിവാദങ്ങൾ നിലനിന്നതിനെ തുടർന്ന് പിന്നീട് ‘മിന്നൽ മാജിക്’ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.
പാലക്കാട് മേനോൻപറയിലെ മലബാര്‍ ഡിസ്റ്റിലറീസിലാണ് ബ്രാൻഡി നിർമ്മിക്കുന്നത്. മദ്യ നിർമാണത്തിനാവശ്യമായ സ്പിരിറ്റ് രാജസ്ഥാനിൽ നിന്നെത്തിക്കും. മലമ്പുഴയിലെ ശുദ്ധജല പ്ലാന്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉത്പാദനം നടത്തുന്നത്. പ്രതിദിനം വൻതോതിൽ മദ്യം നിർമിക്കാനുള്ള സംവിധാനമാണ് പ്ലാന്റിൽ ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ നിരക്കിൽ സർക്കാർ ബ്രാൻഡി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നത്. ബാറുകളുടെ സമയം നീട്ടലും പുതിയ മദ്യനിർമാണ യൂണിറ്റുകളും ചർച്ചയാകുന്ന സാഹചര്യത്തിൽ ‘മിന്നൽ മാജിക്’ വിപണിയിലെത്തുന്നതും ശ്രദ്ധേയമാണ്.
