തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു. കൊറിയയുടെ തെക്കൻ പ്രദേശങ്ങളിലാണ് കാട്ടു തീ പടരുന്നത്. മരണസംഖ്യ 24 ആയി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 250 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അധികൃതർ വ്യക്തമാക്കി. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാൻ ശ്രമം തുടരുകയാണ്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് സർക്കാർ പറയുന്നത്. വലിയ തോതിലുള്ള രക്ഷാപ്രവർത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും കാട്ടുതീ ഇതുവരെയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തീ അണയ്ക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് ദക്ഷിണകൊറിയൻ സർക്കാർ വ്യക്തമാക്കി.