ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച് സീപ്ലെയിൻ പരീക്ഷണ സർവീസുകൾ ഇന്ന് ആരംഭിക്കും. തീരദേശ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതോടൊപ്പം കേരളവും ലക്ഷദ്വീപും തമ്മിലുള്ള ഗതാഗത ബന്ധവും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാലാവസ്ഥ അനുകൂലമാണെങ്കിൽ മൂന്ന് ദിവസങ്ങളിലായി 12 പരീക്ഷണപ്പറക്കലുകളാണ് നടത്തുക.സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ 20 സീറ്റുകളുള്ള ‘ട്വിൻ ഓട്ടർ’ സീപ്ലെയിൻ വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
കൊച്ചിയിൽ നിന്ന് അഗത്തി, കൽപ്പേനി, കവരത്തി ദ്വീപുകളിലേക്കും മറ്റൊരു റൂട്ടിൽ കടമത്ത്, കിൽത്താൻ, അഗത്തി ദ്വീപുകളിലേക്കുമായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ മണിക്കൂറുകൾ നീളുന്ന കടൽയാത്രയ്ക്ക് പകരം ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ മാത്രം മതി ദ്വീപുകളിലെത്താൻ.
ഡി.ജി.സി.എ, എയർപോർട്ട് അതോറിറ്റി, ലക്ഷദ്വീപ് ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സീപ്ലെയിൻ സർവീസ് സ്ഥിരമാകുന്നതോടെ വിനോദസഞ്ചാര വളർച്ചയ്ക്കൊപ്പം അടിയന്തര മെഡിക്കൽ സേവനങ്ങൾക്കും ദ്വീപുകളിലെ സാമ്പത്തിക രംഗത്തിനും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ സീപ്ലെയിൻ വഴി ബന്ധിപ്പിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ലക്ഷദ്വീപിലേക്കുള്ള സർവീസുകളും ഒരുക്കുന്നത്.
