വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കാനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികൾ. ഇതിന്റെ ഭാഗമായി അർഹത നഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചുതുടങ്ങി. ഏഴ് ദിവസത്തിനകം മറുപടി ലഭിക്കാത്ത പക്ഷം എൽപിജി സബ്സിഡി അവസാനിപ്പിക്കുമെന്നാണ് സന്ദേശത്തിലുള്ള മുന്നറിയിപ്പ്.
ഉപഭോക്താവിനോ കുടുംബത്തിനോ വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കിൽ സബ്സിഡിക്ക് അർഹതയില്ലെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ആദായനികുതി വിവരങ്ങൾ പരിശോധിച്ചാണ് എണ്ണക്കമ്പനികൾ വിവരശേഖരണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കളെ കണ്ടെത്തി സബ്സിഡി ഒഴിവാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
സന്ദേശം ലഭിച്ചവർക്ക് 1800-2333-555 എന്ന ടോൾഫ്രീ നമ്പറിലൂടെയോ എണ്ണക്കമ്പനികളുടെ പരാതി പരിഹാര പോർട്ടൽ വഴിയോ എതിർപ്പുകൾ അറിയിക്കാം. നിശ്ചിത സമയത്തിനകം പ്രതികരണം ലഭിക്കാത്ത പക്ഷം സബ്സിഡി നിർത്തലാക്കും.
2015 ഡിസംബറിൽ കൊണ്ടുവന്ന മാനദണ്ഡപ്രകാരം വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി അനുവദിക്കില്ല. എന്നാൽ ഇതുവരെ ഉപഭോക്താക്കൾ സ്വയം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അർഹത നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ആദായനികുതി വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യത ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
നിലവിൽ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച അർഹരായ ഉപഭോക്താക്കൾക്ക് ഓരോ സിലിണ്ടറിനും 24.50 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. നേരത്തെ 400 രൂപവരെ ഉണ്ടായിരുന്ന സബ്സിഡി തുക ലോക്ക്ഡൗണിന് ശേഷം ഗണ്യമായി കുറച്ചിരുന്നു.
