രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഇറക്കുമതി ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
പുതുക്കിയ നിരക്കുകൾ പ്രകാരം കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 108.78 രൂപയിലും ഡീസൽ 97.67 രൂപയിലും എത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.76 രൂപയും ഡീസൽ 99.64 രൂപയുമായി. കോട്ടയത്ത് പെട്രോൾ 109.28 രൂപയും ഡീസൽ 98.14 രൂപയുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെയും വില ഉയർന്നു. ഡൽഹിയിൽ പെട്രോൾ 97.77 രൂപയും ഡീസൽ 90.67 രൂപയുമായി. ചെന്നൈയിൽ പെട്രോൾ 103.67 രൂപയും ഡീസൽ 95.25 രൂപയും. മുംബൈയിൽ പെട്രോൾ 103.67 രൂപയും ഡീസൽ 93.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ 108.74 രൂപയും ഡീസൽ 95.13 രൂപയുമായി.
പെട്രോൾ, ഡീസൽ വില വർധനയ്‌ക്കൊപ്പം സിഎൻജി നിരക്കും രണ്ടുരൂപ വർധിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നികുതി നിരക്കുകളിലെ (VAT) വ്യത്യാസം കാരണം നഗരങ്ങളനുസരിച്ച് വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ ഇന്ധനം തീർന്നുവെന്ന ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ഡൽഹി, ഗുജറാത്ത്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പ്രീമിയം പെട്രോളിനും വാണിജ്യ സിലിണ്ടറുകൾക്കും എണ്ണക്കമ്പനികൾ വില കൂട്ടിയിരുന്നു.