ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധർ. അതിനിടയിലാണ് ആഗോള എണ്ണവിലയിലും കനത്ത ഇടിവ് സംഭവിച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. ഇന്ന് രാവിലെ 67.48 ഡോളറില്‍ വ്യാപാരം നടന്നെങ്കിലും പിന്നീട് 64.23 ഡോളറിലേക്ക് താഴുകയായിരുന്നു. ഈ ആഴ്ച ക്രൂഡ് വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ് ലോക ഓഹരിവിപണി. ഇന്ത്യന്‍ ഓഹരി വിപണിയിലും ക്രൂഡ് വില കുറഞ്ഞത് എണ്ണ കമ്പനികളുടെ വിലയിടിച്ചു. ഒ.എന്‍.ജി.സി,ഇന്ത്യന്‍ ഓയില്‍ ഓഹരി വിലകള്‍ 6 ശതമാനത്തില്‍ കൂടുതലാണ് കുറഞ്ഞത്. 2022 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വില ഇപ്പോഴുള്ളത്.
ഇറാൻ , ഇറാഖ് , കുവൈറ്റ് , സൗദി അറേബ്യ , വെനസ്വേല തുടങ്ങിയ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം വർധിച്ചത് വിലയിടിയാന്‍ കാരണമായെന്ന് പറയപ്പെടുന്നു. പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനത്തേക്കാൾ കൂടുതല്‍ ഉല്‍പാദനമാണ് ഒപെക് രാജ്യങ്ങളിൽ നടക്കുന്നത്.