ക്ലൗഡ്‌പാഡിന്റെ ബോട്സ്.സർവീസസിൽ 83 കോടി രൂപ നിക്ഷേപിക്കും.
യുകെ ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ് ക്ലൗഡ്‌പാഡിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സാസ് പ്ലാറ്റ്ഫോം ബോട്സ്.സർവീസസിൽ (Bots.services) മൈക്രോസോഫ്റ്റ് വക നിക്ഷേപം. 5 മുതൽ 10 മില്യൻ ഡോളർ (ഏകദേശം 83 കോടി രൂപ) വരെ നിക്ഷേപിക്കാനാണു ധാരണ.
റീട്ടെയ്ൽ, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ വിവിധ വ്യവസായങ്ങൾക്കു നിർമിത ബുദ്ധി അധിഷ്ഠിത സേവനങ്ങളാണു ബോട്സ്.സർവീസസ് നൽകുന്നത്. പാർട്നർ കരാറിലും ഒപ്പുവച്ചതോടെ മൈക്രോസോഫ്റ്റ് വിദഗ്ധരുടെയും ഉപയോക്താക്കളുടെയും പങ്കാളികളുടെയും നെറ്റ്‌വർക് ആക്‌സസും ക്ലൗഡ്‌പാഡിനു ലഭ്യമാകും. അഷർ ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് 365 കോ പൈലറ്റ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും ലഭിക്കും. യുഎസിലും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലുമാണു സേവനം ലഭ്യമാക്കുന്നതെങ്കിലും ക്ലൗഡ്‌പാഡ് ഡവലപ്മെന്റ് സെന്ററും സർവീസ് ടീമും പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്. തിരുവനന്തപുരം സ്വദേശികളായ ആരോമൽ ജയരാജ് ഷിക്കി – അഭിഷേക് ജയരാജ് ഷിക്കി സഹോദരങ്ങളാണു ക്ലൗഡ്‌പാഡ് സ്ഥാപിച്ചത്.
ആദ്യ ഘട്ട നിക്ഷേപമായി 1.5 ലക്ഷം ഡോളർ ലഭിച്ചുവെന്നും അടുത്ത വർഷം മുതൽ ഇന്ത്യയിലും സേവനം ലഭ്യമാക്കുമെന്നും ക്ലൗഡ്പാഡ് സിഇഒ ആരോമൽ ജയരാജ് ഷിക്കി മനോരമയോടു പറഞ്ഞു.