ആരോഗൃ വകുപ്പിന്റെ ‘എം.ഇ ഹെൽത്ത്’ ആപ്പിൽ പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചു. ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോപ്പതി ആശുപത്രികൾ, കാരുണ്യ ഫാർമസികൾ എന്നിവയുടെ വിവരങ്ങൾ മൊബൈലിലൂടെ തന്നെ അറിയാനാകും.
സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധനകൾ, ബ്ലഡ് ബാങ്ക്, പേ വാർഡ്, റേഡിയോളജി സേവനങ്ങൾ, ഫാർമസി വിവരങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. ഇ-ഹെൽത്ത് നടപ്പാക്കിയ ആശുപത്രികളിൽ മുൻകൂട്ടി ഒ.പി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എം.ഇ ഹെൽത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പറും ഒ.ടി.പി.യും നൽകി ലോഗിൻ ചെയ്ത് ആധാർ നമ്പർ ഉപയോഗിച്ച് യുണീക് ഹെൽത്ത് ഐഡി സൃഷ്ടിച്ചാൽ ഓൺലൈനായി ഒ.പി ടിക്കറ്റും അപ്പോയിന്റ്‌മെന്റും എടുക്കാനാകും. ആശുപത്രിയിലേക്കുള്ള ദൂരം, യാത്രാ റൂട്ട് എന്നിവയും ആപ്പ് കൃത്യമായി കാണിച്ചുതരും.
തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ ഹോം പേജിലെ ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ‘ഫൈൻഡ് ഇൻസ്റ്റിറ്റ്യൂഷൻ’ ക്ലിക്ക് ചെയ്താൽ 10 കിലോമീറ്റർ പരിധിയിലുള്ള ആശുപത്രികളും അവിടേക്കുള്ള ദൂരവും ലഭിക്കും.
കാർഡിയോളജി, സർജറി ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി ഡോക്ടർമാർ ഏത് ആശുപത്രിയിലുണ്ടെന്ന് അറിയാൻ ‘ഫൈൻഡ് സ്പെഷ്യാലിറ്റി’ ഓപ്ഷൻ ഉപയോഗിക്കാം. സമീപത്തുള്ള ആംബുലൻസ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാർഡ്, റേഡിയോളജി സേവനങ്ങൾ എന്നിവയുടെ വിവരങ്ങൾ ‘ഫൈൻഡ് സർവീസസ്’ വഴി ലഭിക്കും.
‘ഫൈൻഡ് ജെ.എ.കെ’ ഓപ്ഷനിലൂടെ സമീപത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങളും ‘ഫൈൻഡ് ഫാർമസി’, ‘ഫൈൻഡ് ഹോമിയോപ്പതി’ ഓപ്ഷനുകൾ വഴി സമീപത്തെ ഫാർമസികളും ഹോമിയോ ക്ലിനിക്കുകളും കണ്ടെത്താനാകും.
