ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30ലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൂടുതല്‍ നിക്ഷേപം (ഫണ്ടിംഗ്) നേടി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനും പിന്തുണയേകുന്ന ഗൂഗ്ള്‍ ആപ്പ്‌സ്‌കെയില്‍ അക്കാഡമി-2023ല്‍ ഇടംനേടി ഒരുകൂട്ടം മലയാളി ചെറുപ്പക്കാര്‍ സ്ഥാപിച്ച സ്പീക്ക്ആപ്പ് (SpeakApp). കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയവുമായി ചേര്‍ന്ന് ഗൂഗ്ള്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്. ആയിരത്തിലേറെ അപേക്ഷകരില്‍ നിന്നാണ് ടോപ് 30 സംരംഭങ്ങളിലേക്ക് സ്പീക്ക്ആപ്പ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം മികച്ച നിലവാരത്തോടെ മെച്ചപ്പെടുത്തല്‍, ആഗോളതലത്തില്‍ സാന്നിദ്ധ്യം ഉയര്‍ത്തല്‍, മികച്ച വളര്‍ച്ച ഉറപ്പാക്കല്‍, കൂടുതല്‍ ഫണ്ട് ശേഖരണം, ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ മുന്‍തൂക്കം നേടല്‍ തുടങ്ങിയവയ്ക്ക് പിന്തുണ ലഭിക്കും.
ശബ്ദങ്ങളുടെ ലോകവുമായി സ്പീക്ക്ആപ്പ്
ശബ്ദം അധിഷ്ഠിതമായ സാമൂഹിക മാദ്ധ്യമമാണ് സ്പീക്ക്ആപ്പ്. ഗൂഗ്ള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, www.speakapp.app എന്നിവയില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
നിങ്ങളുടെ ചിന്തകളും വാക്കുകളും ശബ്ദമായി പോസ്റ്റ് ചെയ്യാമെന്നതാണ് സ്പീക്ക്ആപ്പിന്റെ മുഖ്യ സവിശേഷത. മറ്റുള്ളവരുടെ കണ്ടന്റുകളും കാണാം, ആസ്വദിക്കാം. ചാറ്റും ചെയ്യാം. ഫോട്ടോ, വീഡിയോ, സ്‌റ്റോറീസ് എന്നിവയ്‌ക്കെല്ലാം വോയിസ് ക്യാപ്ഷന്‍ നല്‍കാം. ടൈപ്പ് ചെയ്തും വായിച്ചും സമയം പോകില്ലെന്നതാണ് നേട്ടം.