ഓഹരി വിപണി നിക്ഷേപത്തിൽ അപകട സാധ്യതയുള്ള മേഖലയാണ് മെെക്രോകാപ് ഓഹരികൾ. കമ്പനികളുടെ സാമ്പത്തിക സ്ഥിതി, കുറഞ്ഞ വോളിയം തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം കുഞ്ഞൻ ഓഹരികളെ അപകട സാധ്യതയുള്ളതാക്കുന്നത്. അതേസമയം ഇവയിൽ മികച്ചത് കണ്ടെത്തിയാൽ മൾട്ടിബാഗർ റിട്ടേണുകൾ പ്രതീക്ഷിക്കാം. 2019 മുതൽ 2023 വരെയുള്ള കാലത്ത് ഈ രീതിയിൽ റിട്ടേൺ നൽകിയ ഓഹരികൾ മൈക്രോകാപിൽ നിന്ന് മിഡ്കാപിൽ നിന്ന് മുന്നേറിയിട്ടുണ്ട്.
മ്യൂച്വൽ ഫണ്ടുകളുടെ നിയന്ത്രണ സ്ഥാപനമായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ വർഷത്തിൽ രണ്ട് തവണ ലാർജ്കാപ്, മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. ജനുവരി നാലിനാണ് ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം 7 ഓഹരികളാണ് സ്മോൾകാപിൽ നിന്ന് മിഡ്കാപിലേക്ക് ഉയർന്നത്. ഇവയിൽ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിച്ച 5 ഓഹരികളെ നോക്കാം.
ലാർജ്കാപ് ഓഹരികൾ
സെബിയുടെ മാർഗ നിർദ്ദേശം പ്രകാരം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മികച്ച 100 കമ്പനികളാണ് ലാർജ്കാപിൽ ഉൾപ്പെടുന്നത്. വിപണി മൂല്യത്തിന്റെ കാര്യത്തിൽ 101 മുതൽ 250 വരെ സ്ഥാനത്തുള്ള ഓഹരികൾ മിഡ്കാപിലും 251 മുതലുള്ള ഓഹരികൾ സ്മോൾകാപിലും ഉൾപ്പെടും. 2019 ഡിസംബർ മുതൽ 2023 ഡിസംബർ വരെ ഏഴ് ഓഹരികൾ മൈക്രോകാപിൽ നിന്ന് മിഡ്‌കാപിലേക്ക് സ്ഥാനക്കയറ്റം നേടി. പൊതുവെ 500 കോടി രൂപയ്ക്ക് മുകളിൽ വിപണി മൂല്യമുള്ള ഓഹരികളാണ് മൈക്രോകാപ്.
സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്
ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികളിലൊന്നാണ് സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്. വൈദ്യുതി ഉത്പാദനം, പ്രക്ഷേപണം, വിതരണം, റെയിൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നുണ്ട്. 2019 ഡിസംബറിൽ 975 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം 63,871 കോടി രൂപയാണ്. 689-ാം സ്ഥാനത്ത് നിന്നും 103 സ്ഥാനത്തേക്കാണ് സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് കുതിച്ചത്.
ഫാക്ട്
സർക്കാരിന്റെ ഉടമസ്ഥതയിൽ വളവും രാസവസ്തുക്കളും നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്. 2019ൽ 1,332 കോടി രൂപ വിപണി മൂല്യത്തിൽ വ്യാപാരം നടത്തിയ ഓഹരി 2023 ഡിസംബറിൽ രേഖപ്പെടുത്തിയ വിപണി മൂല്യം 38,594 കോടി രൂപയാണ്. 606-ാം സ്ഥാനത്തായിരുന്ന ഓഹരി ഇന്ന് 165-ാം സ്ഥാനത്ത് മിഡ്കാപ് ഓഹരികൾക്കൊപ്പമാണ്.
സുസ്ലോൺ എനർജി
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാക്കളാണ് സുസ്ലോണ്‍ എനര്‍ജി. 1,700 കോടി രൂപയിൽ നിന്ന് 37,519 കോടി രൂപയിലേക്ക് വിപണി മൂല്യം കുതിച്ച കഥയാണ് സുസ്ലോൺ എനർജിയുടേത്. 2019 ഡിസംബറിൽ 543 റാങ്കിലായിരുന്ന ഓഹരി നിലവിൽ മിഡ്കാപ് ഓഹരികൾക്കൊപ്പം 168-ാം സ്ഥാനത്താണ്.
പൂനവല്ല ഫിൻകോർപ്പ്
രാജ്യത്തുടനീളം സ്വാധീനമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് പൂനവല്ല ഫിൻകോർപ്പ്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വ്യക്തിഗത വായ്പ, ബിസിനസ് വായ്പ എന്നിവയിൽ ശ്രദ്ധപതിപ്പിക്കുന്നു. ഇന്ന് 30,129 കോടി രൂപ വിപണി മൂല്യത്തിൽ രാജ്യത്തെ മികച്ച 205-ാമത്തെ കമ്പനിയായി പൂനവല്ല ഫിൻകോർപ്പ് ഉയർന്നിട്ടുണ്ട്. 2019 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 1,720 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
ജിൻഡാൽ സ്റ്റെയിൻലെസ്
37,727 കോടി രൂപ വിപണി മൂല്യമുള്ള ജിൻഡാൽ സ്റ്റെയിൻലെസ് രാജ്യത്തെ ഏറ്റവും വലിയ സ്റ്റെയിൽലെസ് സ്റ്റീൽ നിർമാതാക്കളാണ്. 2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 167-ാം സ്ഥാനത്തുള്ള ജിൻഡാൽ സ്റ്റെയിൻലെസ് 2019 ൽ 1,641 കോടി രൂപ വിപണി മൂല്യത്തിൽ 551-ാം റാങ്കിലായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.