ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക. ഉൽപാദന മേഖലയിൽ നിർബന്ധിത തൊഴിൽ തടയാൻ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5 ശതമാനം വരെ അധിക തീരുവ ചുമത്താൻ യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ശുപാർശ ചെയ്തിരിക്കുകയാണ്.
ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നിവയും 12.5 ശതമാനം തീരുവ നിർദേശിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലുണ്ട്. അതേസമയം കാനഡ, മെക്സിക്കോ, യുകെ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവയാണ് നിർദേശിച്ചിരിക്കുന്നത്.
1974-ലെ അമേരിക്കൻ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് പുതിയ ശുപാർശ. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ ആഗോള വിപണിയിൽ മത്സരാധിക്യം നേടുന്നുവെന്നും അത് അമേരിക്കൻ വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നുമാണ് യു.എസ്. ഭരണകൂടത്തിന്റെ വാദം.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിർബന്ധിത തൊഴിൽ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് യു.എസ്.ടി.ആറിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഇളവുകൾ ലഭിക്കാത്ത എല്ലാ ഉൽപന്നങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്താനാണ് നിർദേശം.
എന്നാൽ പുതിയ തീരുവ ഉടൻ പ്രാബല്യത്തിൽ വരില്ല. ജൂലായ് 6 വരെ പൊതുജനാഭിപ്രായം തേടിയ ശേഷവും വിവിധ വിഭാഗങ്ങളുടെ വാദങ്ങൾ കേട്ട ശേഷവുമാകും അന്തിമ തീരുമാനം. അതിനാൽ ഇത് ഇപ്പോൾ ശുപാർശ ഘട്ടത്തിലാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ നീക്കം എന്നതാണ് ശ്രദ്ധേയം. അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചിട്ടുണ്ട്.
പുതിയ തീരുവ നിലവിൽ വന്നാൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് അധിക ചെലവ് വരുകയും ചില മേഖലകളുടെ മത്സരക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
